കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു പൗലോസ് വിചാരണക്കോടതിയിൽ ഹാജരായി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പ്രതിഭാഗത്തിന്റെ പരാതിയെ തുടർന്നു കോടതി നിർദേശമനുസരിച്ചാണ് ഹാജരായത്. കേസ് തുടരന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന കോടതിയുടെ നിർദേശം പാലിച്ചില്ലെന്നാണ് ആരോപണം.
പ്രതിയുടെ ഫോണിൽനിന്ന് ഫൊറൻസിക് പരിശോധനയിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചത് കോടതി ജീവനക്കാർ വഴിയാണോ എന്ന് അറിയാൻ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ അപേക്ഷ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതു ശ്രദ്ധയിൽപെട്ടപ്പോഴാണ് ബൈജു പൗലോസ് നേരിട്ടു ഹാജരാകണമെന്നു കോടതി നിർദേശിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ മൊബൈൽ ഫോൺ രേഖകൾ നശിപ്പിച്ചതിനെ തുടർന്നു പ്രതി ചേർക്കപ്പെട്ട സൈബർ വിദഗ്ധൻ സായ് ശങ്കർ ഇന്നു ചോദ്യംചെയ്യലിനു ഹാജരായില്ല. ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേയ്ക്കു മാറ്റി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്നു ചോദ്യംചെയ്യൽ മാറ്റിവച്ചു. ഇന്നലെ എറണാകുളം സിജെഎം കോടതിയിൽ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതനുസരിച്ചാണ് തെളിവുകൾ നശിപ്പിച്ചതെന്ന് ഇയാൾ അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. ഇത് കോടതിയിൽ രഹസ്യമൊഴിയായി രേഖപ്പെടുത്തുകയായിരുന്നു.