കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വെള്ളിയാഴ്ച വരെ സമയം നൽകി ഹൈക്കോടതി. കേസിലെ മുഖ്യ തെളിവായ മെമ്മറി കാർഡിന്റെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടിൽ കാർഡ് മൂന്നു പ്രാവശ്യം തുറന്നു നോക്കി എന്നു വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണത്തിനു കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നേരത്തെ സമയം തേടിയപ്പോൾ ഇനി സമയം നീട്ടി നൽകില്ലെന്ന കർശന നിർദേശത്തോടെയായിരുന്നു ഈ മാസം 15 വരെയാണ് സമയം അനുവദിച്ചിരുന്നത്.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മൂന്നു തവണ മാറ്റം സംഭവിച്ചിട്ടുണ്ട് എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ എന്നു പറയുന്നു. മൂന്നു കോടതികളിൽ കാർഡ് സൂക്ഷിച്ചിരുന്ന സമയത്തു ഹാഷ് വാല്യുവിൽ മാറ്റമുണ്ടായെന്നാണ് റിപ്പോർട്ട്. അങ്കമാലി മജിസ്ട്രേട്ട് കോടതി, വിചാരണക്കോടതി, എറണാകുളം ജില്ലാ കോടതി എന്നിവിടങ്ങളിൽ സൂക്ഷിക്കുന്ന സമയത്താണ് കാർഡ് തുറന്നു പരിശോധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
എറണാകുളം ജില്ലാ കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കുമ്പോൾ പ്രത്യേക അനുമതി ഇല്ലാതെയാണ് കാർഡ് തുറന്നതായി കണ്ടെത്തിയിരുന്നു. ഓരോ തവണയും കാർഡ് തുറക്കുമ്പോൾ അതു രേഖപ്പെടുത്തണം എന്നിരിക്കെ രേഖകളുടെ പിൻബലമില്ലാതെ തുറന്നതാണ് സംശയം സൃഷ്ടിച്ചത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. മെമ്മറി കാർഡ് പരിശോധിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കാൻ സാധ്യതയുള്ള കോടതി ഉദ്യോഗസ്ഥർ, അന്വേഷണ സംഘത്തിലെ അംഗങ്ങൾ, അഭിഭാഷകർ, പ്രോസിക്യൂഷൻ ടീം അംഗങ്ങൾ എന്നിവരിൽ 10 പേർ അന്വേഷണ പരിധിയിലുണ്ട്. സിഡിആറിനൊപ്പം കോടതിയിലും പരിസരത്തുമുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.