കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ തെളിവുകൾ നശിപ്പിച്ചതിനും കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ള ദൃശ്യങ്ങൾ കൈവശപ്പെടുത്തിയതിനും കൂടുതൽ തെളിവുകൾ ലഭിച്ചതായി കോടതിയെ അറിയിക്കണമെന്ന് അന്വേഷണ സംഘത്തിനു നിയമോപദേശം ലഭിച്ചു.
ലഭ്യമായ തെളിവുകൾ കോടതിയിൽ സമർപ്പിക്കാൻ പാകത്തിലുള്ള രേഖകളാക്കി മാറ്റാൻ കൂടുതൽ സമയം വേണമെന്ന് കോടതിയിൽ ബോധ്യപ്പെടുത്താനും പ്രോസിക്യൂഷൻ തീരുമാനിച്ചു. തെളിവുകളായി കണ്ടെത്തിയ ഡിജിറ്റൽ തെളിവുകളുടെ വ്യാപ്തി ഫൊറൻസ് ഉദ്യോഗസ്ഥർ തയാറാക്കിയ പരിശോധനാ റിപ്പോർട്ട് സഹിതം കോടതിയിൽ സമർപ്പിക്കും. പ്രതിഭാഗം ബോധപൂർവം തെളിവുകൾ മായ്ച്ചു കളഞ്ഞ മൊബൈൽ ഫോണുകളിൽ നിന്ന് അടക്കം 11,161 വിഡിയോകൾ വീണ്ടെടുത്തു. ഇതിൽ 6,682 വിഡിയോകൾ ഇനിയും പരിശോധിക്കാൻ ബാക്കിയുണ്ട്. ശബ്ദ സന്ദേശങ്ങളിൽ 11,238 എണ്ണം പരിശോധിച്ചു. 10,879 ഓഡിയോ ക്ലിപ്പുകൾ പരിശോധിക്കാൻ ഇനിയും ബാക്കിയുണ്ട്.
2 ലക്ഷം ചിത്രങ്ങൾ പരിശോധിച്ചു. 65,384 ചിത്രങ്ങൾ ഇനിയും പരിശോധിക്കാൻ ബാക്കിയുണ്ട്. 1,597 രേഖൾ പരിശോധിച്ചു. 779 രേഖകൾ ബാക്കിയുണ്ട്. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ റിപ്പോർട്ട് തന്നെ 2 ലക്ഷം പേജുണ്ട്.പ്രതികളും അവരുടെ ബന്ധുക്കളായ സാക്ഷികളും അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നാണു പ്രോസിക്യൂഷന്റെ പരാതി. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 18നാണ് അടുത്ത തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണ കോടതി നിർദേശിച്ചിട്ടുള്ള തീയതി. നിലവിലെ സാഹചര്യത്തിൽ അന്വേഷണം നടത്താൻ 3 മാസത്തെ അധിക സമയമാണ് അന്വേഷണ സംഘം ഹൈക്കോടതിയോട് അപേക്ഷിച്ചിരിക്കുന്നത്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.