കൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ ഒന്നാം പ്രതി പൾസർ സുനി എട്ടാം പ്രതിയായ നടൻ ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. സുനിയുടെ സഹതടവുകാരൻ കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽനിന്നാണ് കത്ത് കണ്ടെത്തിയത്.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപ് എന്നാണ് കത്തിലെ ആരോപണം. കത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ പൾസർ സുനിയുടെ കയ്യക്ഷരവുമായി ഒത്തുനോക്കും. ഇന്നലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ജയിലിലെത്തി സുനിയുടെ കയ്യക്ഷരത്തിന്റെ സാംപിൾ എടുത്തിരുന്നു.
കേസിൽ തനിക്കെതിരെ ഗൂഢാലോചനയുണ്ടായെന്നാണ് ദിലീപിന്റെ വാദം. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ആലുവ പൊലീസ് ക്ലബിൽ വച്ച് ദിലീപിനെ രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു. സംവിധായകൻ പി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നൽകിയത്.