കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. ഫോറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്ന് ദിലീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമെന്നാണ് ദിലീപിന്റെ വാദം. വീണ്ടും സാക്ഷിവിസ്താരം നടത്തിയാലും ഇക്കാര്യം മനസിലാക്കാം. കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
മെമ്മറി കാർഡ് തുറന്നു പരിശോധിച്ചാൽ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടാകുമെന്നാണ് ഫോറൻസിക് ലാബ് അസി ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയും ക്രൈംബ്രാഞ്ചിന്റെ ഹർജിക്കൊപ്പം കോടതി പരിഗണിക്കും. ഇതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണ കോടതി ഇന്നലെ തള്ളിയത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായിട്ടുണ്ട്.
ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസിൽ തുടരന്വേഷണ റിപ്പോട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷന് രണ്ടാഴ്ച മാത്രം കാലാവധി ഉള്ളപ്പോഴാണ് വിചാരണ കോടതി തീരുമാനം. എട്ടാം പ്രതി ദിലീപിന് തത്കാലം ആശ്വാസം നൽകുന്നതാണ് വിചാരണ കോടതി വിധി. ഏപ്രിൽ നാലിനാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു, കേസുമായി ബന്ധപ്പെട്ട പല ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു, കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന മറ്റൊരു കേസിൽ പ്രതിയുമായി തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചില്ല.
കഴിഞ്ഞ ഡിസംബറിൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപിനെതിരെ രജിസ്റ്റർ ചെയ്ത വധഗൂഢാലോചന കേസിന്‍റെ ചുവട് പിടിച്ചായിരുന്നു പ്രോസിക്യൂഷൻ വാദങ്ങൾ. നടിയെ ആക്രമിച്ച കേസിൽ പ്രതിയായിരിക്കെ മറ്റൊരു കേസിൽ കൂടി ദിലീപ് പ്രതിയായ സാഹചര്യം കോടതി കണക്കിലെടുക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. വധഗൂഢാലോചന കേസ് എഫ്ഐആർ റദ്ദാക്കുന്നില്ലെന്ന ഹൈക്കോടതി ഉത്തരവും വിചാരണ കോടതി പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ദിലീപ് ഹാജരാക്കിയ ഫോണിൽ നിന്ന് പല വിവരങ്ങളും ഡിലിറ്റ് ചെയ്തതായി ഫോറൻസിക് ലാബിലെ റിപ്പോർട്ടും, മുബൈയിലെ സ്വകാര്യ ലാബിലെ ജീവനക്കാരന്‍റെ മൊഴിയും അന്വേഷണ സംഘം ഹാജരാക്കി.