കൊച്ചി: ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദിലീപിനെ രണ്ടാം ദിവസം ചോദ്യം ചെയ്യുന്നതിനിടെ ബാലചന്ദ്രകുമാറിനെയും വിളിച്ചുവരുത്തി. ഇരുവരേയും ഒരുമിച്ചിരുത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യംചെയ്യല്‍. ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി അറിയാനാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ഇന്നു രാവിലെ 10.30 മുതൽ ദിലീപിന്റെ ചോദ്യം ചെയ്യൽ തുടർന്നു വരുന്നതിനിടെയാണ് ഉച്ചയ്ക്കു രണ്ടു മണിയോടെ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താന്‍ ദൃക്‌സാക്ഷിയാണെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണു കേസില്‍ തുടരന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയാണോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. എന്നാൽ ഇന്നലെ ഏഴുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിൽ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകൾ പാടെ നിഷേധിക്കുന്ന നിലപാടാണ് ദിലീപിൽ നിന്നുണ്ടായത്. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തീരുമാനം. ബാലചന്ദ്രകുമാർ പറയുന്നതു പോലെ ദൃശ്യങ്ങൾ ദിലീപിലേയ്ക്ക് എത്തിയിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇന്നലെ ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിൽ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും ദിലീപ് തള്ളിക്കളഞ്ഞിരുന്നു. പണം തട്ടിയെടുക്കാന്‍ ബാലചന്ദ്രകുമാര്‍ ഒരുക്കിയ ബ്ലാക്‌മെയില്‍ കെണിയില്‍ വീഴാതിരുന്നതിനാലാണു വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുമായി മാധ്യമങ്ങളെ സമീപിച്ചതെന്നാണു ദിലീപിന്റെ മൊഴി. ബാലചന്ദ്രകുമാറിനെ മുന്‍പില്‍ നിര്‍ത്തി മറ്റു ചിലരും മുതലെടുപ്പിനു ശ്രമിച്ചതായും ദിലീപ് കുറ്റപ്പെടുത്തി. കേസില്‍ തന്നെ പ്രതി ചേര്‍ക്കാന്‍ ഇടയാക്കിയ സാഹചര്യം ഒരുക്കിയതിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നതായും ദിലീപ് ആരോപിച്ചു. കേസിന്റെ പുരോഗതി തനിക്ക് അനുകൂലമാണെന്ന തോന്നല്‍ ഉണ്ടായപ്പോഴെല്ലാം ബാലചന്ദ്രകുമാര്‍ ഉന്നയിച്ചതു പോലുള്ള ആരോപണങ്ങളുമായി ആരെങ്കിലും രംഗത്തു വരാറുണ്ടെന്നും ദിലീപ് പറഞ്ഞു. ഈ മൊഴികള്‍ സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളുമായി ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ദിലീപിനോട് അന്വേഷണ സംഘം നിര്‍ദേശിക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ 20 സാക്ഷികൾ കൂറുമാറുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിൽ ദിലീപിന്റെ ഏതെങ്കിലും വിധത്തിലുള്ള സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ദിലീപിന്റെ അഭിഭാഷകർ ഉൾപ്പടെ വിളിച്ചു സംസാരിച്ചതായി സാക്ഷികൾ ആരോപണം ഉന്നയിക്കുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള പൊലീസ് ശ്രമം. എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്.