കൊച്ചി : കോടതിയിൽ ഹാജരാക്കാൻ വൈകുംതോറും ഫോണുകളിൽ കൃത്രിമം നടത്താൻ ദിലീപും കൂട്ടുപ്രതികളും ശ്രമിക്കുമെന്ന ആശങ്കയിൽ അന്വേഷകസംഘം. നാലു ഫോണുകളാണ് ദിലീപിനോട് ആവശ്യപ്പെട്ടത്. മൂന്നെണ്ണം ആപ്പിൾ ഐഫോണും ഒന്ന് വിവോ ഫോണുമാണ്. ഫോണിലെ ശബ്ദസന്ദേശങ്ങൾ, കൈമാറിയ ചിത്രങ്ങൾ, ദൃശ്യങ്ങൾ മറ്റു രേഖകൾ ഉൾപ്പെടെ നശിപ്പിച്ചാലും അന്വേഷകസംഘത്തിന് സൈബർ വിഭാഗത്തിന്റെ സഹായത്തോടെ വീണ്ടെടുക്കാനാകും.
എന്നാൽ പലതവണ കൃത്രിമം കാണിച്ചാൽ ലഭിക്കുന്ന തെളിവുകളുടെ സുതാര്യത നഷ്ടപ്പെടുമെന്നതാണ് അന്വേഷകസംഘം നേരിടുന്ന വെല്ലുവിളി. ഫോണിലെ ഡാറ്റയ്ക്ക് മുകളില്‍ മറ്റൊരു ഡാറ്റ റീ റൈറ്റ് ചെയ്യുന്ന രീതിയില്‍ ഇവ നശിപ്പിക്കാം. കൂടുതല്‍തവണ ഇത്തരത്തില്‍ റീ റൈറ്റ് ചെയ്യുന്നതോടെ ആദ്യമുണ്ടായ ഡാറ്റ നഷ്‌ടമാകാം. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നുപറയുന്ന കാലത്തെ രേഖകൾമുതൽ ഫോണുകളിലുണ്ട്. ഇതിൽ രണ്ട് ഫോണുകൾ 2019ന് മുമ്പും ഒരു ഫോൺ 2019ലും മറ്റൊന്ന് 2021ലുമാണ് ദിലീപ് വാങ്ങിയത്.