ചലച്ചിത്ര താരം കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽവെച്ചാണ് അന്ത്യം. നാടകത്തിലൂടെ സിനിമയിലെത്തിയ കനകലത 350 സിനിമകളിൽ പ്രധാന വേഷകളിൽ എത്തിയിരുന്നു. നിരവധി സീരിയിലും അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെയാണ് അന്ത്യം.
കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് ജനനം. കൊല്ലം ഗവ. ഗേൾസ് ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ കനകലത നാടകങ്ങളിലെ അഭിനയ മികവിൽ സിനിമയിലെത്തി.
1980-ൽ ഉണർത്ത് പാട്ട് എന്ന സിനിമയിൽ ആദ്യമായി അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. പിന്നീട് 1982-ൽ റിലീസായ ചില്ല് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1989-ൽ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും 2005-ൽ വിവാഹമോചിതയായ കനകലതക്ക് മക്കളില്ല.
2022-ൽ മറവിരോഗമായ അൽഷിമേഴ്സും പിന്നാലെ പാർക്കിൻസൺസും ബാധിച്ച കനകലതയുടെ അവസ്ഥ ഏറെ ദയനീയമായിരുന്നു. തനിച്ച് ഭക്ഷണം കഴിക്കാനറിയാതെ, പ്രാഥമിക കാര്യങ്ങൾ പോലും ഒറ്റക്ക് ചെയ്യാനാവാതെ, ഇടയ്‌ക്കെങ്കിലും സ്വന്തംപേരുപോലും മറന്നുപോവുന്ന അവസ്ഥയിലായിരുന്നു.