തിരുവനന്തപുരം : വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയും നടി മാല പാര്‍വതിയുടെ പിതാവുമായ സി.വി.ത്രിവിക്രമന്‍ (92) അന്തരിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി.ലളിതയാണ് ഭാര്യ. മറ്റൊരു മകള്‍: ലക്ഷ്മി എം.കുമാരന്.
മാല പാര്‍വതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് :
എന്റെ അച്ഛന് പോയി! ഇന്ന് കാലത്ത്! അവസാനം സംസാരിച്ചതും വയലാറിനെ കുറിച്ചാണ്. പെരുമ്പടവത്തിനോടും ദത്തന് മാഷിനോടും സംസാരിക്കുകയായിരുന്നു. രാത്രിയാണ് എന്ന് പറഞ്ഞപ്പോള്‍ സൂക്ഷിച്ചുനോക്കി. കാനായി ശില്പം ചെയ്തോ? ചേര്‍ത്തലയിലെ അംബാലികാ ഹാള്‍ അനാഥമാവരുത് എന്നും പറയുന്നുണ്ടായിരുന്നു. ഈ മനോഹര തീരത്ത് തരുമോ.. എന്ന ഭാഗം കുറേ ആവര്‍ത്തി പറഞ്ഞു. ഇതെല്ലാം ഒരു 3.30 മണിക്കായിരുന്നു. കഫം തുപ്പാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. സതീശന്റെ ദേഹത്തേക്ക് ചാരി ഇരിക്കുകയായിരുന്നു. ഞാന്‍ നെഞ്ച് തടവുന്നതിനിടയില്‍.. മയങ്ങി.. ഉറങ്ങി. കാലത്ത് 5.50 ന്.