അസം : അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്രജല കമ്മിഷൻ. ബാരാക് ഉൾപ്പെടെ ഏഴ് നദികളിലെ ജലനിരപ്പ് അപകടനിലയേക്കാൾ മുകളിലാണ്. അതീവ ഗുരുതര സാഹചര്യമാണെന്ന് കേന്ദ്രജല കമ്മിഷൻ മുന്നറിയിപ്പ് നൽകി. ഇതിനിടെ പ്രളത്തിൽ മരിച്ചവെരുടെ എണ്ണം 9 ആയി. 27 ജില്ലകളിലായി ആറ് ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. നൽപത്തി എണ്ണയിരത്തോളം പേരെ 248 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
ഹോജായ്, കച്ചർ എന്നീ ജില്ലകളെയാണ് ഇത്തവണ പ്രളയം തീവ്രമായ ബാധിച്ചത്. ഹോജായിൽ കിടുങ്ങികിടന്ന രണ്ടായിരത്തോളം പേരെ സൈന്യം രക്ഷപ്പെടുത്തി. മണ്ണിടിച്ചിലിനെതുടർന്നു റോഡ്, റെയിൽ പാതകൾ തകർന്നതോടെ ദിമ ഹാസവോ ജില്ല പൂർണ്ണമായും ഒറ്റപ്പെട്ടു. അടുത്ത നാലു ദിവസം കൂടി അസമിൽ ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാസിരംഗ ദേശീയോദ്യാനത്തിൽ അതിജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൃഗങ്ങൾക്കായി 25 രക്ഷ ബോട്ടുകൾ തയ്യാറാക്കി നിർത്തിയതായി അസം സർക്കാർ അറിയിച്ചു.