തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തും. വിഴിഞ്ഞം സമരസമിതിയുടെ പ്രതിഷേധത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് വൻ പൊലീസ് വിന്യാസമാണുള്ളത്.
പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിർമാണ പ്രവർത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയിൽ ഉറപ്പു നൽകി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നിര്‍മ്മാണ പ്രവത്തികൾ ആരംഭിക്കുമെന്ന് സര്‍ക്കാരിനെ കമ്പനി അറിയിച്ചത്.