ദില്ലി: അദാനി ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭക്ഷ്യ എന്ന കമ്പനിയായ അദാനി വിൽമർ പാചക എണ്ണയുടെ വില കുറച്ചു. ഫോർച്യൂൺ ബ്രാൻഡിന് കീഴിൽ ആണ് അദാനി വിൽമർ ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. പാചക എണ്ണയുടെ വില 30 രൂപ വരെ കുറച്ചതായാണ് റിപ്പോർട്ട്.
സോയാബീൻ എണ്ണയുടെ വിലയിലാണ് കൂടുതലും കുറവ് വരുത്തിയിട്ടുള്ളത്. ഫോർച്യൂൺ സോയാബീൻ എണ്ണയ്ക്ക് ലിറ്ററിന് 195 രൂപയിൽ നിന്ന് 165 രൂപയാക്കി. 30 രൂപയാണ് കുറച്ചത്. സൂര്യകാന്തി എണ്ണ ലിറ്ററിന് 210 രൂപയിൽ നിന്ന് 199 രൂപയാക്കി. കടുകെണ്ണയുടെ വില ലിറ്ററിന്195 രൂപയിൽ നിന്ന് 190 രൂപയായി കുറച്ചു. ഫോർച്യൂൺ റൈസ് ബ്രാൻ ഓയിൽ വില ലിറ്ററിന് 225 രൂപയിൽ നിന്ന് 210 രൂപയായും കടല എണ്ണയുടെ എംആർപി ലിറ്ററിന് 220 രൂപയിൽ നിന്ന് 210 രൂപയായും കുറച്ചു. റാഗി വനസ്പതി ലിറ്ററിന് 200 രൂപയിൽ നിന്ന് 185 രൂപയായും റാഗി പാമോയിൽ വില 170 രൂപയിൽ നിന്ന് 144 രൂപയായും കുറച്ചു.
ഭക്ഷ്യ എണ്ണ വില ചർച്ച ചെയ്യാൻ ജൂലൈ 6 ന് ഭക്ഷ്യ മന്ത്രാലയം യോഗം വിളിക്കുകയും ആഗോള തലത്തിലുള്ള പാചക എണ്ണയുടെ വിലയിടിവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാൻ ഭക്ഷ്യ എണ്ണ കമ്പനികൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.രാജ്യത്ത് അതിവേഗം വളരുന്ന എഫ്എംസിജി കമ്പനികളിലൊന്നാണ് അദാനി വിൽമർ. ഭക്ഷ്യ എണ്ണകൾക്ക് പുറമേ, അരി, ആട്ട, പഞ്ചസാര, റെഡി-ടു-കുക്ക് ഖിച്ചി, സോയ ചങ്ക്‌സ് എന്നിവയും കമ്പനിയുടെ ഉത്പന്നങ്ങളാണ്.