തിരുവനന്തപുരം : കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോകകേരള സഭയുടെ നാലാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുവൈറ്റ് സർക്കാർ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാർ കുവൈറ്റുമായി ബന്ധപ്പെട്ട് നടപടി ത്വരിതപ്പെടുത്തണം.
ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ സമയോചിത ഇടപെടൽ ഉണ്ടാവണം. ബന്ധപ്പെട്ട മറ്റ് സാങ്കേതിക കാര്യങ്ങൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് അത് ഈടാക്കുന്ന കാര്യവും കുവൈറ്റ് സർക്കാർ പരിശോധിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒരേ മനസോടെ നീങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.