തിരുവനന്തപുരം: രണ്ട് എ ഡി ജി പിമാർക്ക് സ്ഥാന കയറ്റം നൽകണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം കേന്ദ്രം നിരാകരിച്ചു. എ ഡി ജി പി മാരായ ആർ.ആനന്ദകൃഷ്ണൻ, കെ.പത്മകുമാർ എന്നിവർക്ക് ഡി ജി പിയായി സ്ഥാനക്കയറ്റം നൽകണമെന്ന ശുപാർശയാണ് തള്ളിയത്. സംസ്ഥാന പോലീസ് മേധാവി അനിൽകാന്തിന്‍റെ വിരമിക്കൽ സമയം സംസ്ഥാന സർക്കാർ നീട്ടിയതോടെയാണ് സ്ഥാനകയറ്റത്തിൽ പ്രതിസന്ധിയുണ്ടായത്. സംസ്ഥാനത്തിനായി കേന്ദ്രം അനുവദിച്ചിരിക്കുന്നത് നാല് ഡിജിപി തസ്തികളാണ്. ഇതിൽ ഒന്ന് ക്രമസമാധാന ചുമതലയുള്ള ഡിജിപിയുടെ തസ്തികയാണ്. സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കപ്പെട്ട അനിൽകാന്ത് കഴിഞ്ഞ ജനുവരി 31ന് വിമരിക്കേണ്ടതായിരുന്നു. പക്ഷെ അനിൽകാന്തിന് അടുത്ത വർഷം ജൂലൈ 31വരെ സർക്കാർ സമയം നീട്ടി നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ക്രമസമാധാനചുമതലയുള്ള ഡിജിപിയുടെ വിരമിക്കൽ സമയം നീട്ടി നൽകുന്നത്. ഇതോടെയാണ് ഐപിഎസുകാരുടെ സ്ഥാനകയറ്റം തടസ്സപ്പെട്ടത്.
ജനുവരി 31ന് അനിൽകാന്ത് വിമരിച്ചിരുന്നെങ്കിൽ എക്സൈസ് കമ്മീഷണറായ ആനന്ദകൃഷ്ണന് ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കേണ്ടതാണ്. പക്ഷെ സംസ്ഥാന സർക്കാർ അനിൽകാന്തിന് വിരമിക്കൽ കാലാവധി നീട്ടിയതിൽ ആനന്ദകൃഷ്ണന് സ്ഥാനയക്കയറ്റം ലഭിച്ചില്ല. പ്രതിസന്ധി പരഹരിക്കാൻ 1989 ബാച്ചിലെ എഡിജിപിമാരായ ആനന്ദകൃഷ്ണനും, കെ.പത്മകുമാറിനും പുതിയ തസ്തിക സൃഷ്ടിച്ച് സ്ഥാനകയറ്റം നൽകണമെന്നുള്ള ശുപാർശ പൊലീസ് മേധാവി സർക്കാരിന് നൽകിയത്. സ്ഥാനകയറ്റത്തിലെ കാലതാമസം ഒഴിവാക്കാൻ നടപടവേണമെന്നും ഇവർ രണ്ടുപേരും കത്തും നൽകിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ രണ്ടു ഡിജിപി തസ്തികള്‍ സൃഷ്ടിക്കാൻ അനുമതി തേടി കഴിഞ്ഞമാസം 10ന് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചു. പക്ഷെ കൂടുതൽ തസ്തികള്‍ക്കുള്ള അനുമതി നിക്ഷേധിക്കുകയായിരുന്നു.
ഇനി ആനന്ദ കൃഷ്ണന് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ വരുന്ന സെപ്തംബർ മാസത്തിൽ വിജിലൻസ് ഡയറക്ടറായ സുധേഷ് കുമാർ വിരമിക്കണം. പത്മകുമാറിന് സ്ഥാനകയറ്റം ലഭിക്കണമെങ്കിൽ അടുത്ത വർഷം മേയ് മാസത്തിൽ ഫയർഫോഴ്സ് മേധാവി ബി.സന്ധ്യ വിരമിക്കണം. അതിനാൽ സംസ്ഥാന സർക്കാർ സംസ്ഥാന സർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ച് അധിക തസ്തികള്‍ സൃഷ്ടിച്ച് ഐപിഎസ് തലത്തിലുണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യം ഐപിഎസ് അസോസിയേഷൻ ശക്തമാക്കുന്നുണ്ട്.
മുൻ കാലങ്ങളിൽ അധിക തസ്തിക സൃഷ്ടിച്ച് സ്ഥാനകയറ്റം നൽകിയിട്ടുണ്ട്. ഐഎഎസുകാർക്കും അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിൽ കൂടുതൽ തസ്തികള്‍ സൃഷ്ടിച്ചിട്ടുമുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ അധിക തസ്തിക സൃഷ്ടിച്ച് കേന്ദ്ര അനുമതി വാങ്ങിയെടുത്തിട്ടുള്ള കാര്യവും ഐപിഎസുകാർ ചൂണ്ടികാട്ടുന്നു. എന്തായാലും ഐപിഎസ് തലത്തിലുണ്ടായ പുതിയ പ്രതിസന്ധി പരിഹരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും വലിയ സമ്മർദം സർക്കാരിന് മേലുണ്ടാകുമെന്നുറപ്പാണ്.