കൽപ്പറ്റ : വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസിലേക്കു നടന്ന എസ്എഫ്ഐ മാർച്ചും തുടർന്നുണ്ടായ അനിഷ്ട സംഭവങ്ങളും സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കൽപ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫിസർക്ക് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കല്‍പ്പറ്റ കൈനാട്ടിയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചാണ് സംഘർഷത്തിലും അക്രമത്തിലും കലാശിച്ചത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നിശബ്ദത വെടിയണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എംപി ഓഫിസിലേക്ക് ഇരച്ചുകയറിയത്. ഇവർ കസേരകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ എസ്എഫ്ഐ നടപടിയെ തള്ളി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ആക്രമണത്തെ അപലപിക്കുകയും ചെയ്തു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും എസ്എഫ്ഐ ആക്രമണത്തെ അപലപിച്ചു.