ദില്ലി: ജി20 അത്താഴ വിരുന്നില്‍ പങ്കെടുത്ത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവും ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരി. മോദി സർക്കാരിനെതിരായ നിലപാടിനെ ദുർബലപ്പെടുത്തുന്ന നിലപാടാണ് മമത സ്വീകരിച്ചതെന്ന് അധിർ രഞ്ജൻ ചൗധരി വിമര്‍ശിച്ചു. അവര്‍ അത്താഴത്തിൽ പങ്കെടുത്തില്ലായിരുന്നുവെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നുവെന്നാണ് അധിർ രഞ്ജൻ ചൗധരി പറഞ്ഞത്. ആകാശം ഇടിഞ്ഞുവീഴുകയൊന്നും ഇല്ല. മഹാഭാരമോ ഖുറാനോ ഒന്നും അശുദ്ധമാകില്ലായിരുന്നു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ പരിപാടിയിൽ പങ്കെടുക്കാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അധിർ രഞ്ജൻ ചൗധരി ആരാഞ്ഞു.
തീൻ മേശയിൽ ബംഗാൾ മുഖ്യമന്ത്രി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒപ്പമായിരുന്നുവെന്നും അധിർ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിന്നു. എന്നാൽ മമത ബാനർജി തിടുക്കപ്പെട്ട് ദില്ലിയിലെത്തിയെന്നും അധിർ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.
എന്നാല്‍ മമതയെ അധിര്‍ രഞ്ജന്‍ ചൌധരി പ്രോട്ടോകോള്‍ പഠിപ്പിക്കേണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശാന്തനു സെന്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഇന്ത്യാ സഖ്യത്തിന്‍റെ ശില്പികളിലൊരാളാണ് മമതാ ബാനർജിയെന്ന് എല്ലാവർക്കും അറിയാമെന്നും അവരുടെ പ്രതിബദ്ധതയെ ആർക്കും ചോദ്യംചെയ്യാൻ കഴിയില്ലെന്നും സെൻ പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവരും മമതയ്ക്കൊപ്പം രാഷ്ട്രപതിയുടെ അത്താഴ വിരുന്നില്‍ പങ്കെടുത്തു. അതേസമയം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവര്‍ വിട്ടുനിന്നു.