ദില്ലി: ഇന്ത്യ മുന്നണിയിൽ വീണ്ടും കല്ലുകടി. ബംഗാളിൽ കോൺഗ്രസിന് 2 സീറ്റ് നൽകാമെന്ന മമതയുടെ നിർദ്ദേശം തള്ളി കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. ഇതിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും, ഇന്ത്യ സഖ്യത്തിൻ്റെ കൺവീനർ സ്ഥാനം നിതീഷ് കുമാറിന് നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.
കൺവീനർ പദത്തിലൂടെ നിതീഷ് ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വമെന്നുമാണ് തൃണമൂൽ വിലയിരുത്തൽ. ഇക്കാര്യത്തിൽ തൃണമൂലിനെ പിന്തുണച്ച് ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിട്ടുണ്ട്. സഖ്യയോഗം നീട്ടിവച്ചത് തൃണമൂലിൻ്റെ എതിർപ്പ് മൂലമെന്നാണ് സൂചന. അതേസമയം, 259 സീറ്റുകളിൽ തനിച്ച് മത്സരിക്കാനാണ് കോൺഗ്രസ് നീക്കം. കോൺഗ്രസിന് മമതയുടെ ഔദാര്യം വേണ്ടെന്നാണ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കിയത്. മമതയുടെ ശ്രമം മോദിയെ സന്തോഷിപ്പിക്കാനാണെന്നാണ് അധിർ രഞ്ജൻ ചൗധരിയുടെ കുറ്റപ്പെടുത്തൽ.
ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിൽ 65 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ് സമാജ്‍വാദി പാര്‍ട്ടി. കോണ്‍ഗ്രസിനായി പത്തും ആർഎല്‍ഡിക്ക് അഞ്ചും സീറ്റ് നീക്കിവെക്കാനും ആലോചനയുണ്ട്. അഖിലേഷ് യാദവ് കനൗജിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.