ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസിന്റെ ആദിപുരുഷ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 16 ന് തിയറ്ററുകളിൽ എത്തും. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രീകരിച്ച ആദിപുരുഷ് തമിഴ്, മലയാളം ഭാഷകളിലും പ്രദർശനത്തിന് എത്തുന്നുണ്ട്.
രാമായണത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് തിരുപ്പതിയിൽ വെച്ചായിരുന്നു നടന്നത്. വൻ പരിപാടിയായിരുന്നു അണിയറ പ്രവർത്തകർ സംഘടിപ്പിച്ചത്. ഒന്നര ലക്ഷത്തോളം ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഏകദേശം 2.5 കോടി രൂപയാണ് അണിയറപ്രവർത്തകർ ചെലവഴിച്ചതത്രേ. ഇതിന് പുറമേ വെടിക്കെട്ടിനായി 50 ലക്ഷത്തോളം രൂപ നിർമാതാക്കൾ മുടക്കിയെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.
ഇതിൽ ഏറെ രസകരം നായികയുടെ പ്രതിഫലത്തെക്കാൾ കൂടുതൽ ചിത്രത്തിന്റെ പ്രമോഷനായി ചെലവഴിച്ചുവെന്നതാണ്. ഏകദേശം മൂന്ന് കോടി രൂപയാണ് കൃതിയുടെ പ്രതിഫലമെന്ന് നേരത്തെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.
500 കോടി ബജറ്റിലാണ് ആദിപുരുഷ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മുടക്കുമുതലിന്റെ 85 ശതമാനത്തോളം റിലീസിന് മുൻപ് തിരിച്ച് പിടിച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മികച്ച ഒപ്പണിങ് കളക്ഷനാണ് ചിത്രം പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.
അതേസമയം ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടാനും അണിയറപ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന്‍ ചിത്രം കാണാന്‍ വരും എന്ന വിശ്വാസത്തിന്‍റെ ഭാഗമായാണിത്.
ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും സംവിധായകൻ ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം – ഭുവന്‍ ഗൗഡ, സംഗീത സംവിധാനം – രവി ബസ്രുര്‍, എഡിറ്റിംഗ് – അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം – അജയ്- അതുല്‍. പശ്ചാത്തല സംഗീതം – സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.