കല്‍പ്പറ്റ> 100 രൂപ കൂടുതല്‍ കൂലി ചോദിച്ചതിന് ആദിവാസി യുവാവിനെ മര്‍ദിച്ചതായി പരാതി.വയനാട് അമ്പലവയല്‍ നീര്‍ച്ചാല്‍ ആദിവാസി കോളനിയിലെ ബാബുവിനാണ് മര്‍ദ്ദനമേറ്റത്.ബാബുവിന്റെ പരാതിയില്‍ സ്ഥല ഉടമയുടെ മകനെതിരെ പൊലീസ് കേസെടുത്തു.
പട്ടികവര്‍ഗ അതിക്രമ നിരോധനം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് അമ്പലവയല്‍ പൊലീസാണ് കേസെടുത്തത്. സ്ഥിരമായി ജോലിക്ക് പോകുന്ന വീട്ടില്‍നിന്ന് 600 രൂപയ്ക്ക് പകരം 700 രൂപ കൂലിയായി ചോദിപ്പോള്‍ ഉടമയുടെ മകന്‍ മുഖത്ത് ചവിട്ടിയെന്നാണ് ബാബുവിന്റെ പരാതി. തലയോട്ടിക്കും താടിയെല്ലിനും ഇടയിലുള്ള ഭാഗത്ത് എല്ല് പൊട്ടിയിട്ടുണ്ട്.
ഈ മാസം 10നാണ് സംഭവം.കുരുമുളക് പറിക്കാന്‍ കൂലി കൂട്ടി തരണം എന്നാവശ്യപ്പെട്ടപ്പോള്‍ വാക്ക് തര്‍ക്കം ഉണ്ടായി. സ്ഥിരമായി ജോലിക്ക് പോകുന്ന വീടിന്റെ ഉടമയുടെ മകന്‍ ക്രൂരമായി മര്‍ദിച്ചപ്പോള്‍ നിലത്ത് വീഴുകയും ആ സമയത്ത് മുഖത്ത് ആഞ്ഞടിച്ചതായും പരാതിയില്‍ പറയുന്നു.
പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ ശരീരത്തിലെ പരിക്കും വേദനയും കൊണ്ട് വീട്ടില്‍ വരാന്‍ കഴിയാത്തതിനാല്‍ റോഡിന്റെ സൈഡില്‍ ഒരു രാത്രി കിടന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയ സമീപവാസികള്‍ ഭക്ഷണവും വെള്ളവും നല്‍കി. എന്താണെന്ന് ചോദിച്ചപ്പോഴാണ് മര്‍ദിച്ച കാര്യം പറഞ്ഞതെന്നും ബാബു പറയുന്നു.തിങ്കളാഴ്ച രാവിലെ എസ്ടി പ്രമോട്ടര്‍മാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു.താടി എല്ല് പൊട്ടി ബോധമില്ലാതെ നിലത്ത് വീണതായും ബാബു പറയുന്നു.