കൊച്ചി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിന് എംപി ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. റദ്ദാക്കിയ ക്വാട്ടകൾ പുനസ്ഥാപിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നൽകിയ അപ്പീൽ അനുവദിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി. എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
എല്ലാ അധ്യയനവർഷവും ഓരോ എംപിമാർക്കും പത്ത് സീറ്റുകളും വിദ്യാലയ സമിതി ചെയർമാൻമാർക്ക് രണ്ടു സീറ്റുകളും അനുവദിച്ചിരുന്നത് കേന്ദ്ര സർക്കാർ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ചില വിദ്യാർഥികൾ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്ജിയിന്മേല് ക്വാട്ടകൾ പുനസ്ഥാപിക്കാൻ സിംഗിൾബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.