റിയാദ്∙ വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി ഇടപെട്ട സൗദി അഭിഭാഷകന് നൽകാനുള്ള ഫീസ് സൗദിയിലെ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിൽ എത്തി. മരിച്ച ബാലന്റെ കുടുംബം ഗവർണറേറ്റിൽ തങ്ങൾ ആവശ്യപ്പെട്ട ദയാധനം സ്വീകരിക്കാൻ തയാറാണെന്നുള്ള വിവരം ഔദ്യോഗികമായി അറിയിച്ചുവെന്നാണ് വിവരം. ഏഴരലക്ഷം റിയാലാണ് എത്തിയത്. അഭിഭാഷകനുമായുള്ള കരാർ ചേംബർ ചെയ്തു ലഭിച്ചതായി കേസിലെ അറ്റോർണി സിദ്ദീഖ് തുവ്വൂർ അറിയിച്ചു.
നേരത്തെ അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാൽ (ഒരു കോടി 66 ലക്ഷം രൂപ) ഉടൻ നൽകണമെന്ന് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. തുക ലഭിക്കാതെ മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കില്ലെന്ന് അഭിഭാഷകൻ അറിയിച്ചത് മോചനം വൈകുമെന്ന ആശങ്കയ്ക്ക് കാരണമായിരുന്നു.അബ്ദുറഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ ഗവർണറേറ്റിന്റെ സാന്നിധ്യത്തിൽ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവച്ച ശേഷമാണ് ദയാധനം കുടുംബത്തിന് കൈമാറുക.