തിരുവനന്തപുരം: ആര്യങ്കാവ് പാലിലെ മായവുമായി ബന്ധപ്പെട്ട വിഷയത്തിൽ വകുപ്പുകൾ തമ്മിൽ തർക്കം തുടരുന്നു. പാലിന്റെ ഗുണമേന്മ പരിശോധന വൈകിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ഇന്ന് പ്രതികരിച്ചു. ഓരോ നടപടിക്രമവും സമയം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ ആശയ വിനിമയം നടത്തിയിട്ടുണ്ട്. ക്ഷീര വികസന വകുപ്പിന്റെ സംസ്ഥാന ലാബിലെ പരിശോധനാ ഫലവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫലം താരതമ്യം ചെയ്യാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വകുപ്പുകൾ പൂർണമായി സഹകരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും വാർത്തയിൽ വരാത്ത ഒരുപാട് പരിശോധനകൾ നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു. ഓരോ വകുപ്പുമായി ഇടപെട്ട് കര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മറ്റു പരാമർശങ്ങൾ അറിയില്ലെന്നും മന്ത്രി ചിഞ്ചുറാണിക്കുള്ള പരോക്ഷ മറുപടിയിൽ വീണാ ജോർജ് വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷാ വകുപ്പിനുണ്ടായ വീഴ്ച്ചയാണ് പാലിലെ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം തെളിയിക്കാൻ കഴിയാത്തതിന് കാരണമെന്ന് ക്ഷീരവികസന വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി കുറ്റപ്പെടുത്തിയിരുന്നു. വീഴ്ച്ചയുണ്ടായിട്ടില്ലെന്നും, 2 രീതിയിൽ പരിശോധിച്ചിട്ടും ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം പാലിൽ കണ്ടെത്താനായില്ലെന്നും ഭക്ഷ്യ സുരക്ഷാ കമ്മിഷണർ പറഞ്ഞു.