ന്യൂഡല്‍ഹി: നിലമ്പൂരിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഡ്വ. മോഹൻ ജോർജ് ആണ് സ്ഥാനാർഥി. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ട് ദേശീയ നേതൃത്വമാണ് വാര്‍ത്താക്കുറിപ്പ് പുറപ്പെടുവിച്ചത്. നിലമ്പൂർ സ്വദേശിയാണ് മോഹൻ ജോർജ്. കേരള കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയാണ് ഇദ്ദേഹം. കേരള കോൺഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം നേതാവായിരുന്നു. മാർത്തോമ സഭാംഗമായ മോഹൻ ജോർജ് നിലവിൽ ബിജെപി അംഗമല്ല. ഉടന്‍ ബിജെപി അംഗത്വം സ്വീകരിച്ച് താമര അടയാളത്തിലാകും മത്സരിക്കുക. നിലമ്പൂരിൽ മത്സരിക്കുമെന്ന സൂചന കഴിഞ്ഞദിവസം ബിജെപി നല്‍കിയിരുന്നു. മത്സരിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മത്സരിക്കുന്നില്ലെന്ന് പറയുന്നില്ല. അനാവശ്യമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് എൽഡിഎഫും യുഡിഎഫുമാണെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞിരുന്നു.