കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂരിൽ നിന്നുള്ള മൂന്നു വിമാനങ്ങൾ റദ്ദാക്കിയെന്ന് അറിയിപ്പ്. ഗൾഫിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രി 8.35ന് കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള സർവീസും. രാത്രി 10.05ന് കരിപ്പൂരിൽ നിന്ന് അബുദാബിയിലേക്കുള്ള സർവീസും. രാത്രി 11.10ന് മസ്കത്തിലേക്കുള്ള സർവീസുമാണ് റദാക്കിയത്.
കരിപ്പൂരിൽ നിന്ന് അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ ദിവസം രാത്രി പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ മണിക്കൂറുകളോളം വൈകിയിരുന്നു. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി 10.05ന് പുറപ്പെടേണ്ടിയിരുന്ന അബുദാബി വിമാനം വ്യാഴാഴ്ച 11.30ഓടെ പിന്നീട് പുറപ്പെട്ടു. മസ്കറ്റിലേക്കുള്ള വിമാനം 12 മണിയോടെ പുറപ്പെടുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു.
ദോഹയിൽ നിന്ന് കരിപ്പൂരിലേക്ക് വരികയായിരുന്ന വിമാനം പ്രതികൂല കാലാവസ്ഥ കാരണം മംഗലാപുരം വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തു. ഈ വിമാനവും പിന്നീട് കോഴിക്കോടേക്ക് പുറപ്പെട്ടു. അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നുണ്ട്. ഒൻപത് ജില്ലകളിൽ ഓറഞ്ച് അലെർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലെർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.