തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷനില്‍ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. പാര്‍ട്ടി വിട്ട നേതാവ് മറുപക്ഷത്ത് സ്ഥാനാര്‍ഥിയായതാണ് തെരഞ്ഞെടുപ്പിന്‍റെ ഹൈലൈറ്റ്. നാലു പതിറ്റാണ്ടായി ത്രിതല പഞ്ചായത്തുകളിൽ മാറിമാറി ജനപ്രതിനിധിയായി ജയിച്ചുവന്നയാളാണ് വെള്ളനാട് ശശി. മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം ചേർന്നത്. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെച്ചതോടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. ഇക്കുറി കൈപ്പത്തി വിട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിനാണ് വെള്ളനാട് ശശി വോട്ട് ചോദിക്കുന്നത്.
ജയിക്കുക എന്നതിനും അപ്പുറത്ത് പാർട്ടിവിട്ടു മറുകണ്ടം ചാടിയ നേതാവിനെ തോൽപ്പിക്കാനുള്ള വാശിയിലാണ് കോൺഗ്രസുകാർ. ഡിസിസി സെക്രട്ടറിയും ഐഎൻടിയുസി നേതാവുമായ വി ആർ പ്രതാപനാണ് കൈപ്പത്തിയിൽ മത്സരിക്കുന്നത്. വെള്ളനാട് അരുവിക്കര മേഖലകളിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ വലിയ മുന്നേറ്റം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളും പൂവച്ചൽ പഞ്ചായത്തിലെ ഒരു വാർഡും കരകുളം പഞ്ചായത്തിലെ മൂന്നു വാർഡും ചേരുന്നതാണ് വെള്ളനാട് ഡിവിഷൻ. കോൺഗ്രസ് വിട്ട് മൂന്ന് അംഗങ്ങൾ സിപിഎമ്മിലേക്ക് ചേക്കേറിയ പെരിങ്ങമല പഞ്ചായത്തിലും വാശിയേറിയ ഉപതെരഞ്ഞെടുപ്പ് മത്സരമാണ് നടക്കുന്നത്. പാർട്ടിയെ വഞ്ചിച്ചുള്ള കൂടുമാറ്റത്തിന് ജനം മറുപടി നൽകുമെന്നാണ് കോൺഗ്രസിന്‍റെ വെല്ലുവിളി. മൂന്ന് വാർഡും ജയിച്ച് ഭരണം തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തിലാണ് സിപിഎം. പെരിങ്ങമല പഞ്ചായത്തിലെ കരിമന്‍കോട്, മടത്തറ, കൊല്ലായില്‍ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.