ന്യൂഡൽഹി : അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കഴിഞ്ഞ ദിവസം കോൺഗ്രസിലെ വിമത നേതാക്കൾ നടത്തിയ യോഗത്തിൽ ശശി തരൂർ എംപിയും പങ്കെടുക്കുകയുണ്ടായി. ജി 23 സംഘം എന്ന് വിളിക്കുന്ന വിമത കോൺഗ്രസ് നേതാക്കൾ ഗുലാം നബി ആസാദിന്റെ വസതിയിലാണ് ഒത്തുചേർന്നത്. യോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായ ശശി തരൂർ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ശ്രദ്ധേയമായി. കുറച്ച് തെറ്റുകൾ കൂടി ചെയ്യാൻ ആലോചനയുണ്ടെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. ‘എന്റെ തെറ്റുകളിൽ നിന്ന് ഞാൻ ഏറെ പഠിച്ചു. കുറച്ച് തെറ്റുകൾ കൂടി ചെയ്താലോ’ എന്ന പോസ്റ്റിനൊപ്പം കമന്റൊന്നും ചേർക്കാതെ എന്നായിരുന്നു ട്വീറ്റ്. തരൂരിനെ കൂടാതെ കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, രജീന്ദർ കൗർ ഭട്ടൽ, അഖിലേഷ് പ്രസാദ് സിങ്, പൃഥിരാജ് ചവാൻ, പി.ജെ.കുര്യൻ, മണി ശങ്കർ അയ്യർ, കുൽദീപ് ശർമ, രാജ് ബബ്ബാർ തുടങ്ങിയ നേതാക്കളാണ് ജി 23 യോഗത്തിൽ പങ്കെടുത്തത്.
കപിൽ സിബലിന്റെ വസതിയിലായിരുന്നു ആദ്യം യോഗം തീരുമാനിച്ചിരുന്നത്. എന്നാൽ ഗാന്ധി കുടുംബത്തിന് നേരെ നിശിതമായ പരസ്യ വിമർശനം സിബൽ നടത്തിയതിൽ വിമതരിൽ ചിലർ അസ്വസ്ഥത പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് യോഗം ഗുലാംനബി ആസാദിന്റെ വീട്ടിലേക്ക് മാറ്റിയത്.