മുംബൈ : ആദ്യകളിയിൽ സമനിലയിൽ കുരുങ്ങിയതിന്റെ നിരാശ മാറാനും ലോകകപ്പ് യോഗ്യതാ മോഹം നിലനിർത്താനും ഇന്ത്യൻ വനിതാ ടീമിന് ഞായറാഴ്ച ജയം അനിവാര്യം. എ.എഫ്.സി. വനിത ഏഷ്യകപ്പ് ഫുട്ബോളിൽ രണ്ടാം മത്സരത്തിൽ ചൈനീസ് തായ്പേയിയാണ് എതിരാളി. രാത്രി 7.30നാണ് മത്സരം. ആദ്യകളിയിൽ ഇറാനെതിരേ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോൾരഹിത സമനിലയായിരുന്നു ഫലം. ഇതോടെ ചൈനീസ് തായ്പേയിക്കെതിരായ മത്സരം നിർണായകമായി. ഇതിൽ ജയിച്ചാൽ ക്വാർട്ടർ സാധ്യത സജീവമാകും. ഇതുവഴി ലോകകപ്പ് യോഗ്യതയ്ക്കുള്ള അവസരം നിലനിൽക്കും. ചൈനയ്ക്കെതിരായ ആദ്യകളിയിൽ തോറ്റ തായ്പേയി ടീമിനും മത്സരം നിർണായകമാണ്. അടുത്തിടെ സൗഹൃദമത്സരത്തിൽ എതിരില്ലാത്ത ഒരുഗോളിന് തായ്പേയിയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യൻ സംഘത്തിനുണ്ട്.