വിമാനത്തിൽ പറന്നു പൊങ്ങാൻ മിക്കവർക്കും ഇഷ്ടമാണ്. മേഘക്കൂട്ടങ്ങളൊക്കെ കണ്ട് അങ്ങനെ അങ്ങനെ പോകാം അല്ലേ? എന്നാൽ, എല്ലാവരുടേയും അവസ്ഥ അതാണോ? അല്ല. ചിലർക്ക് വിമാനം പറന്നു പൊങ്ങുമ്പോൾ ആവേശത്തേക്കാളേറെ ഭയവും ആങ്സൈറ്റിയുമാണ് ഉണ്ടാവാറ്. അത്തരക്കാരെ സഹായിക്കാൻ വേണ്ടി വളരെ വ്യത്യസ്തമായ ഒരു മാർഗം കണ്ടെത്തിയിരിക്കയാണ് യുഎസ്സിൽ ഒരു എയർലൈൻസ്. അതെന്താണ് എന്നല്ലേ? പൂച്ചയെ കൊണ്ട് ഒരു തെറാപ്പി.
എയറോഫോബിയയുള്ള യാത്രക്കാരെ സഹായിക്കുന്നതിന് വേണ്ടി വാഗ് ബ്രിഗേഡ് എന്ന പേരിൽ തെറാപ്പിക്ക് വേണ്ടി മൃഗങ്ങളെ നിയമിക്കാനാണ് എയർലൈൻസിന്റെ തീരുമാനം അതിന് വേണ്ടി സാൻ ഫ്രാൻസിസ്കോ ആദ്യത്തെ മൃഗത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. അങ്ങനെ, സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏറ്റവും പുതിയ ജീവനക്കാരനായി മാറിയിരിക്കയാണ് ഒരു പൂച്ച. ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസ് എന്നാണ് പൂച്ചയുടെ പേര്. വിമാനത്തിൽ യാത്ര ചെയ്യാൻ പേടിയുള്ളവർക്ക് ആ സമയത്ത് മോറിസിനെ ലാളിക്കാം.
മോറിസിന്റെ ചിത്രത്തിനൊപ്പം അവനെ തങ്ങൾ ജോലിക്കെടുത്ത കാര്യം സാൻ ഫ്രാൻസിസ്കോ ഇന്റർനാഷണൽ എയർപോർട്ട് ഔദ്യോഗികമായി ട്വിറ്ററിൽ പങ്ക് വച്ചിട്ടുണ്ട്. ചിത്രത്തിൽ തൊപ്പിയും യൂണിഫോമും ഒക്കെയിട്ട് അടിപൊളിയായി നിൽക്കുന്ന മോറിസിനെ കാണാം. ലോകമെമ്പാടുമുള്ള പൂച്ചസ്നേഹികൾ വളരെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. നിരവധിപ്പേരാണ് ഇതിന് കമന്റുകളുമായി എത്തിയത്.
Purrlease welcome our newest Wag Brigade member, Duke Ellington Morris! 🐱 pic.twitter.com/FDSw1a55Ef
— San Francisco International Airport (SFO) ✈️ (@flySFO) June 8, 2023
ഈ വേഷത്തിൽ മോറിസ് പെർഫെക്ടാണ് എന്നായിരുന്നു മിക്കവരുടേയും അഭിപ്രായം. ഇൻഡിപെൻഡന്റിൻറെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2010 -ൽ മോറിസ് ഒരു കുട്ടിയായിരുന്നപ്പോൾ SPCA രക്ഷിച്ചതാണ് അവനെ. പിന്നീട് അവനെ ഒരു അഞ്ച് വയസ്സുകാരൻ ദത്തെടുത്തു, അവിടെ വച്ചാണ് ഒരു തെറാപ്പി മൃഗമായി അവനെ സാക്ഷ്യപ്പെടുത്തുന്നത്. ഇപ്പോൾ 14 -കാരനായ മോറിസ് തന്റെ പുതിയ കടമയും പൂർണമായും നിറവേറ്റും എന്ന പ്രതീക്ഷയിലാണ് പൂച്ചസ്നേഹികൾ.