കൊച്ചി: കേരളത്തിലേക്ക് എംഡിഎംഎ മയക്കുമരുന്ന് കയറ്റി അയച്ച് വിൽപ്പന നടത്തുന്നയാൾ ബംഗളൂരുവിൽ അറസ്റ്റിലായി. നൈജീരിയൻ പൗരനായ ഒക്കാഫോർ എസേ ഇമ്മാനുവേലിനെയാണ് (36) പാലാരിവട്ടം പൊലീസ് പിടികൂടിയത്. ജൂലൈ 20ന് കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയം ലിങ്ക് റോഡിൽനിന്ന് എംഡിഎംഎയുമായി പിടികൂടിയ ഹാറൂൺ സുൽത്താനിൽനിന്നാരംഭിച്ച അന്വേഷണമാണ് ബംഗളൂരുവിലെ വൻ മയക്കുമരുന്ന് മാഫിയയിലേക്ക് എത്തിയത്.
ഹാറൂണിനെ ചോദ്യംചെയ്‌തതിനുപിന്നാലെ അലിൻ ജോസഫ്, നിജു പീറ്റർ, അലൻ ടോണി എന്നിവരെ വിവിധ ദിവസങ്ങളിലായി പാലാരിവട്ടം പൊലീസ് അറസ്റ്റുചെയ്തു. ഇവരെ ചോദ്യംചെയ്‌തതിൽനിന്ന് ബംഗളൂരുവിൽ താമസിച്ച് വൻതോതിൽ എംഡിഎംഎ കയറ്റിയയക്കുന്ന ഫോർട്ട്‌കൊച്ചി സ്വദേശി വർഗീസ് ജോസഫാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇയാളെ അറസ്റ്റുചെയ്‌ത് ചോദ്യംചെയ്‌തതിൽനിന്നാണ് നൈജീരിയൻ സ്വദേശിയെക്കുറിച്ച് വിവരം ലഭിച്ചത്.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ എറണാകുളം ഭാഗത്തേക്ക് നാലര കിലോഗ്രാം എംഡിഎംഎ കൈമാറ്റം ചെയ്‌തതായും പ്രതികൾ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് ഒക്കാഫോർ എസേ ഇമ്മാനുവേലിനെ പിടികൂടിയത്. കൂട്ടാളികൾ അറസ്റ്റിലായതറിഞ്ഞ് ഇയാൾ മൊബൈൽഫോൺ ഓഫാക്കി താമസസ്ഥലം മാറിയിരുന്നു. ഇതോടെ സൈബർ സെല്ലിന്റെയും വാട്ട്സ്‌ആപ്പിന്റെയും സഹായത്തോടെ ബംഗളൂരു കെ ആർ പുരത്തുനിന്ന് പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രധാന കണ്ണിയാണ്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്‌തു. ഇയാളുടെ സംഘമാണ് കേരളത്തിലേക്ക് കൂടുതലായി എംഡിഎംഎ കൈമാറുന്നത്. കൂടുതൽ പ്രതികളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. എറണാകുളം എസിപി പി രാജ്‌കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്‌ടർ എസ് സനൽ, സനീപ് കുമാർ, മാഹിൻ അബൂബക്കർ, അരുൺ സുരേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.