പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിട്ടെന്ന് മൊഴിനല്‍കിയ അഫ്സാന പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. പോലീസ് തല്ലി കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന പറഞ്ഞു. രണ്ട് ദിവസം തുടര്‍ച്ചയായി തന്നെ പോലീസ് ക്രൂരമായി മര്‍ദിച്ചു എന്നും പിതാവിനെടക്കം പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണ് പോലീസ് തന്നെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്നും അഫ്സാന പറഞ്ഞു.
താന്‍ നൗഷാദിനെ കൊന്നെന്ന് പറഞ്ഞിട്ടില്ല. ഡിവൈഎസ്പി കേട്ടാലറയ്ക്കുന്ന തെറി വിളിച്ചു. തനിക്കിനിയും ജീവിക്കണം. നൗഷാദിന്റെ കൂടെ പോകില്ല. സ്ത്രീധനം ചോദിച്ച് നൗഷാദ് മര്‍ദ്ദിക്കാറുണ്ടായിരുന്നു. കുഞ്ഞുങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ട്. വലിയ പീഡനനങ്ങള്‍ നേരിട്ടു. പോലീസ് പീഡനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും. സംഭവ ദിവസം രാവിലെ നൗഷാദ് പരുതിപ്പാറയില്‍ നിന്ന് പോകുന്നത് കണ്ടവരുണ്ട്. ഇതും പോലീസിനോട് പറഞ്ഞു. എന്നിട്ടും പോലീസ് കൊലപാതകിയാക്കി. കുഞ്ഞുങ്ങളെ കാണണമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല. പിതാവിനെ കെട്ടി തൂക്കി മര്‍ദ്ദിക്കുമെന്ന് പറഞ്ഞു. ഭയം കൊണ്ടാണ് കുറ്റമേറ്റതെന്നും അഫ്സാന പ്രതികരിച്ചു. കേസില്‍ അഫ്സാന ജാമ്യത്തില്‍ ഇറങ്ങിയത് ഇന്നാണ്. അട്ടകുളങ്ങര ജയിലില്‍ നിന്നാണ് പുറത്തിറങ്ങിയത്.