കൊഹിമ: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാഗാലാൻഡിൽ വാഗ്ദാനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നു- നാലു വർഷത്തിനുള്ളിൽ നാഗാലാൻഡിൽ സായുധ സേന പ്രത്യേകാധികാര നിയമം അഫ്സ്പ എടുത്തുകളയുമെന്ന് പ്രതീക്ഷിക്കുന്നതായി അമിത് ഷാ പറഞ്ഞു.
ത്യുൻസാങ്ങിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കിഴക്കൻ നാഗാലാൻഡിന്റെ വികസനവും അവകാശങ്ങളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്, തെരഞ്ഞെടുപ്പിന് ശേഷം അവ പരിഹരിക്കും. നാഗാ സമാധാന ചർച്ചകൾ നടന്നുവരികയാണ് -അമിത് ഷാ പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനത്ത് ശാശ്വത സമാധാനം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻകൈയിലെടുത്ത നടപടികൾ ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നു.
ബി.ജെ.പി ഭരണത്തിന് കീഴിൽ വടക്കുകിഴക്കൻ മേഖലയിൽ അക്രമ സംഭവങ്ങളിൽ 70 ശതമാനം കുറവുണ്ടായി. സുരക്ഷാ സേനാംഗങ്ങളുടെ ജീവഹാനി 60 ശതമാനം കുറഞ്ഞു -അമിതഷ് ഷാ അവകാശപ്പെട്ടു.
ഫെബ്രുവരി 27നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് രണ്ടിന് വോട്ടെണ്ണും.