ന്യൂഡൽഹി∙ പങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച് പലതവണയായി വലിച്ചെറിഞ്ഞ കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാല പിടിക്കപ്പെട്ടത് എങ്ങനെ? പങ്കാളിയായ ശ്രദ്ധ വാൽക്കർ സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽനിന്ന് പോയതായി വരുത്തിത്തീർക്കാൻ അഫ്താബ് ഇൻസ്റ്റഗ്രാം ചാറ്റുകളിലൂടെയും ബാങ്ക് ഇടപാടുകളിലൂടെയും ശ്രമിച്ചതായി പൊലീസ് പറയുന്നു. ചമച്ചുകൂട്ടി ആ നുണകൾ ഒടുക്കം അഫ്താബിനെത്തന്നെ പൊലീസിനു മുന്നിലെത്തിച്ചു.
കഴിഞ്ഞ മാസം ശ്രദ്ധയെ കാണുന്നില്ലെന്നു കാട്ടി പിതാവ് മുംബൈയ്ക്കു സമീപമുള്ള വസായ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അഫ്താബിനെ ഒക്ടോബർ 26ന് പൊലീസ് വിളിപ്പിച്ചു. ഡൽഹിയിലെ മെഹ്റൗലിയിലെ ഫ്ലാറ്റിൽനിന്ന് മേയ് 22ന് വഴക്കിട്ടശേഷം അവർ വീടുവിട്ടുപോയെന്നായിരുന്നു അഫ്താബിന്റെ മൊഴി. എന്നാൽ അതിനും നാലു ദിവസങ്ങൾക്കുമുൻപ് ശ്രദ്ധയെ അയാൾ കൊലപ്പെടുത്തിയെന്ന് പിന്നീട് കണ്ടെത്തി. ഇതു ഡൽഹിയിലേക്ക് ഇവർ താമസം മാറി
വെറും രണ്ടാഴ്ചകൾക്കുശേഷമാണ് ഈ ക്രൂരകൃത്യം നടത്തിയത്.
മൊബൈൽ ഫോൺ മാത്രമെടുത്താണ് അവർ പോയതെന്നും അഫ്താബ് മൊഴി നൽകി. വസ്ത്രങ്ങളും മറ്റും വീട്ടിൽത്തന്നെ ഉപേക്ഷിച്ചിരുന്നു. ഉടൻതന്നെ പൊലീസ് ഈ ഫോൺ രേഖകൾ പരിശോധിച്ചു. മേയ് 22നും 26നുമായി 54,000 രൂപ അഫ്താബിന്റെ അക്കൗണ്ടിലേക്ക് ശ്രദ്ധയുടെ അക്കൗണ്ടിൽനിന്ന് മാറ്റിയിരുന്നു. ഇടപാട് നടത്തുമ്പോൾ ശ്രദ്ധയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ മെഹ്റൗലി ആയിരുന്നു. ഇതോടെ ഇടപാട് ശ്രദ്ധയുടെ ഫോണിലെ ബാങ്ക് ആപ്ലിക്കേഷൻ വഴി അഫ്താബ് ചെയ്തതാണെന്ന സംശയം ഉയർത്തി. മേയ് 22നുശേഷം ശ്രദ്ധയുമായി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു ഇയാൾ പൊലീസിനു നൽകിയ മൊഴി. ഈ മാസം വീണ്ടും ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. അപ്പോൾ ഇയാൾ നൽകിയ മൊഴി വീണ്ടും സംശയം ജനിപ്പിച്ചു. ശ്രദ്ധയുടെ ബാങ്ക് പാസ്‌വേർഡ് അറിയാമായിരുന്നുവെന്നും അതുപയോഗിച്ച് അയാൾ തന്നെയാണ് പണം മാറ്റിയതെന്നുമായിരുന്നു അന്നത്തെ മൊഴി. ശ്രദ്ധയുടെ ക്രെഡിറ്റ് കാർഡ് ബില്ലുകളും ഇയാൾത്തന്നെയായിരുന്നു അടച്ചിരുന്നത്. ഇല്ലെങ്കിൽ ബാങ്കുകാർ ബന്ധപ്പെടുക ശ്രദ്ധയുടെ മുംബൈയിലെ വീട്ടുകാരെയാകും. ഇതു തടയാൻ വേണ്ടിയായിരുന്നു അഫ്താബിന്റെ നീക്കം.
ശ്രദ്ധയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി അവരുടെ സുഹൃത്തുക്കളുമായി ഇയാൾ ചാറ്റ് ചെയ്തിരുന്നു. അതിൽ മേയ് 31ലെ ചാറ്റിൽ ഫോണിന്റെ ലൊക്കേഷൻ മെഹ്റൗലി ആണെന്ന് വ്യക്തമായി. ഇതിനുപിന്നാലെ വസായ് മണിക്പുർ പൊലീസ് ഡൽഹി പൊലീസിനെ ബന്ധപ്പെട്ടു. ഇവർ അഫ്താബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചു. മേയ് 22ന് ശ്രദ്ധ വീടുവിട്ട് ഇറങ്ങിയെങ്കിൽ എങ്ങനെ ഫോണിന്റെ ലൊക്കേഷൻ മെഹ്റൗലി ആയി കാണിക്കും? ഈ ചോദ്യത്തോടെ അഫ്താബിന്റെ പ്രതിരോധക്കോട്ടകൾ തകർന്നുവീണു. പൊട്ടിക്കരഞ്ഞ അഫ്താബ് പിന്നീട് ഭയപ്പെടുത്തുന്ന വിവരങ്ങൾ പൊലീസിനോടു വെളിപ്പെടുത്തുകയായിരുന്നു.
∙ നുണ പരിശോധന നടത്തിയേക്കും
പങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി ഫ്രിജിൽ സൂക്ഷിച്ച് പലതവണയായി വലിച്ചെറിഞ്ഞ കേസിലെ പ്രതി അഫ്താബ് അമീൻ പൂനവാലയ്ക്ക് നുണ പരിശോധന നടത്തിയേക്കും. ചോദ്യം ചെയ്യലിൽ അഫ്താബ് തുടർച്ചയായി കള്ളം പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കുന്നുവെന്ന സംശയത്തെ തുടർന്നാണ് നുണ പരിശോധന നടത്താനുള്ള നീക്കം. അഫ്താബിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ ദക്ഷിണ ഡൽഹിയിലെ സാകേതിലുള്ള കോടതി അനുമതി നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്താണ് സംഭവിച്ചതെന്ന വസ്തുത മറച്ചുവച്ച്, അന്വേഷണ സംഘത്തെ വഴി തെറ്റിക്കുന്ന രീതിയിലാണ് നിലവിൽ അഫ്താബ് മൊഴി നൽകുന്നതെന്നാണ് പൊലീസിന്റെ നിഗമനം. കൊലപ്പെടുത്തിയ ശേഷം ശ്രദ്ധയുടെ മൊബൈൽ ഫോൺ എന്തു ചെയ്തു, ശ്രദ്ധയുടെ മൃതദേഹം കഷ്ണങ്ങളാക്കാൻ ഉപയോഗിച്ച ആയുധം എവിടെ തുടങ്ങിയ നിർണായക ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
ശ്രദ്ധയുടെ ഫോൺ കൊലപാതകത്തിനു ശേഷം മഹാരാഷ്ട്രയിൽവച്ച് വലിച്ചെറിഞ്ഞെന്ന് ആദ്യം മൊഴി നൽകിയ അഫ്താബ്, ഡൽഹിയിൽത്തന്നെ ഫോൺ ഉപേക്ഷിച്ചതായി പിന്നീട് പൊലീസിനു മൊഴി നൽകി. ഇതോടെയാണ് അഫ്താബ് മനഃപൂർവം കള്ളമൊഴികൾ നൽകി വഴിതെറ്റിക്കാൻ ശ്രമിക്കുന്നതായി പൊലീസിന് സംശയം തോന്നിയത്.
നുണ പരിശോധനയിൽ ഒരു മനഃശാസ്ത്ര വിദഗ്ധനും അന്വേഷണ സംഘത്തിനൊപ്പം ഉണ്ടാകും. ശ്രദ്ധ സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽനിന്ന് പോയതായി വരുത്തിത്തീർക്കാൻ അഫ്താബ് ഇൻസ്റ്റഗ്രാം ചാറ്റുകളിലൂടെയും ബാങ്ക് ഇടപാടുകളിലൂടെയും ശ്രമിച്ചതായി പൊലീസ് പറയുന്നു.
∙ കൊലപാതക ശ്രമം മുൻപും
ശ്രദ്ധയെ കൊലപ്പെടുത്തിയ മേയ് 18നു മുൻപും കൊലപാതക ശ്രമം നടത്തിയതായി അഫ്താബ് വെളിപ്പെടുത്തി. ശ്രദ്ധയെ കൊലപ്പെടുത്തുന്നതിനും 10 ദിവസം മുൻപാണ് ആദ്യം കൊല്ലാൻ ശ്രമിച്ചത്. അന്നും ശ്രദ്ധയും അഫ്താബും വഴക്കിട്ടിരുന്നു. തുടർന്ന് കൊലപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ശ്രദ്ധ കരയുകയും വികാരാധീനയാവുകയും ചെയ്തതോടെ അതിൽനിന്ന് പിൻമാറിയെന്നാണ് അഫ്താബിന്റെ വിശദീകരണം.
തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശ്രദ്ധ അഫ്താബിനെ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതേച്ചൊല്ലിയും അഫ്താബിന് മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലിയും ഇരുവർക്കുമിടയിൽ വഴക്കും പതിവായിരുന്നു. മറ്റു സ്ത്രീകളുമായി നിരന്തരം ഫോണിൽ സംസാരിച്ചിരുന്ന അഫ്താബ് തന്നെ വഞ്ചിക്കുകയാണെന്ന സംശയം ശ്രദ്ധയ്ക്കുണ്ടായിരുന്നു.
വഴക്കുണ്ടായതിനു പിന്നാലെ അഫ്താബ് ശ്രദ്ധയെ മർദ്ദിച്ചിരുന്നു. ഇതിനിടെ യുവതി ബോധരഹിതയായി. തുടർന്ന് ശ്രദ്ധയുടെ നെഞ്ചിൽ കയറിയിരുന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അഫ്താബിന്റെ മൊഴി. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി പലദിവസങ്ങളിലായി വനമേഖലയിൽ വലിച്ചെറിഞ്ഞു. മൃതദേഹാവശിഷ്ടങ്ങളിൽ കരളും കുടൽമാലയുമാണ് ആദ്യം വെട്ടിനുറുക്കി ഒഴിവാക്കിയതെന്നും പ്രതി മൊഴി നൽകി.