പ്രസവത്തിനു ശേഷമുള്ള വയറു ചാടൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. പ്രസവശേഷം കുഞ്ഞിനു മുലയൂട്ടുക എന്നതാണ് പ്രഥമവും പ്രധാനവുമായ ജോലി. ഈ സമയത്ത് വയറു ചാടുമെന്നോ അമിതമായി വണ്ണം വയ്ക്കുമെന്നോ കരുതി ഭക്ഷണം നിയന്ത്രിക്കാൻ പാടില്ല. നമ്മുടെ ശരീരത്തിനും കുഞ്ഞിനും വേണ്ടുന്ന പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. വ്യത്യസ്ത നിറങ്ങളിലും തരത്തിലുമുള്ള നല്ല പോഷകമുള്ള വിഭവങ്ങൾ കഴിക്കാം.
ബീൻസ്, വെണ്ടയ്ക്ക, കോളിഫ്ളവർ, ബ്രക്കോളി പോലുള്ള നാരുകളുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തണം. ആപ്പിൾ, മാതളം, പേരയ്ക്ക പോലുള്ള പഴങ്ങളിലും നാരുകളുണ്ട്. ഈ പഴങ്ങൾ ജ്യൂസടിച്ചു കുടിക്കുന്നതിനു പകരം പഴമായിത്തന്നെ കഴിക്കാൻ ശ്രദ്ധിക്കണം. നാരുകൾ ശരീരത്തിൽ ചെല്ലുമ്പോൾ മലബന്ധം കുറയും. കുടലിൽ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിക്കാൻ ഇടയാകും. ഭാവിയിൽ ഇതു മികച്ച ആരോഗ്യത്തിനും അമിതവണ്ണം വയ്ക്കാതിരിക്കാനും സഹായകമാകും.വെള്ളം കുടിക്കുന്നത് പ്രധാനമാണ്. സാധാരണ കുടിക്കുന്നതിലുമധികം വെള്ളം കുടിക്കുക. ഏറ്റവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
കുഞ്ഞിനെ മുലയൂട്ടുന്നതു വഴിതന്നെ 300 മുതൽ 500 കാലറി വരെ ദിവസവും ശരീരത്തിൽ നിന്നു നഷ്ടമാകും. അതുതന്നെ ഭാരം കുറയ്ക്കാൻ ഒരുപരിധിവരെ സഹായിക്കും. അതോടൊപ്പം നിലവിലുള്ള ശരീരഭാരം കൂടാതിരിക്കാനും ശ്രദ്ധിക്കണം. ഇതിനായി പോഷകശൂന്യമായ കാലറി കൂടിയ ജങ്ക്ഫുഡ് ഒഴിവാക്കണം. സംസ്കരിച്ച ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും ശീതള പാനീയങ്ങളും ഫാസ്റ്റ്ഫുഡുമെല്ലാം ഇതിലുൾപ്പെടും.
പ്രസവരക്ഷ എന്ന പേരിൽ നെയ്യും നെയ്യ് കലർന്ന ഔഷധങ്ങളും അമിതമായി ഭക്ഷണവുമൊക്കെ കഴിക്കുന്നത് ശരീരഭാരം വർധിക്കാനിടയാക്കും. പ്രസവശേഷം സാധാരണ അളവിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും കുഞ്ഞിനെ മുലയൂട്ടുകയും സ്ഥിരമായി മിതമായി വ്യായാമം ചെയ്യുകയും ചെയ്താൽതന്നെ 9 മാസം മുതൽ ഒരു വർഷംകൊണ്ട് ഗർഭധാരണത്തിനു മുൻപുള്ള ശരീരഭാരത്തിലെത്താം. അതോടൊപ്പം വയറും കുറയും.