ഒരു ദമ്പതികളുടെ അടുക്കളയിൽ നിന്നും കണ്ടെടുത്ത 260 സ്വർണ നാണയങ്ങൾ ആറ് കോടിക്ക് മുകളിൽ വിറ്റു. 6,91,10,154.62 രൂപയ്ക്കാണ് നാണയങ്ങൾ വിറ്റത്. 2019 -ൽ ഈസ്റ്റ് യോർക്ക്ഷെയറിലെ എല്ലർബിയിലാണ് സ്വർണനാണയങ്ങൾ കണ്ടെത്തിയത്. 18 -ാം നൂറ്റാണ്ടിൽ നിന്നുള്ള തറയ്ക്ക് താഴെ താഴെ ഒരു പാത്രത്തിലാണ് സ്വർണ നാണയങ്ങൾ കണ്ടെത്തിയത്.
1610 മുതൽ 1727 വരെയുള്ളതാണ് നാണയങ്ങൾ. ഇത് ബാൾട്ടിക് വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹൾ കുടുംബമായ ഫെർൺലി-മെയ്‌സ്റ്റേഴ്‌സിന്റേതായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത അത്രയും വില തന്നെയാണ് സ്വർണനാണയങ്ങൾക്ക് കിട്ടിയത് എന്ന് ലേലക്കാർ പറയുന്നു.
സ്പിങ്ക് ആൻഡ് സൺസ് ആണ് നാണയങ്ങൾ ലേലത്തിൽ വിറ്റത്. ഇന്നത്തെ 91,59,276.46 രൂപയെങ്കിലും ഇതിന് വില വരുമെന്നും ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് 18 -ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സ്വർണ നാണയങ്ങളിൽ ഏറ്റവും വലുതാണ് ഇത് എന്നും ലേലശാല പറയുന്നു.
‘ഒരു സോഡാ ക്യാനിന്റെ വലിപ്പത്തിലുള്ള പാത്രത്തിൽ മറഞ്ഞിരുന്ന 120 വർഷത്തെ ഇംഗ്ലീഷ് ചരിത്രം’ എന്നാണ് ലേലക്കാരനായ ഗ്രിഗറി എഡ്‍മണ്ട് ഈ നിധിയെ വിശേഷിപ്പിച്ചത്. ഈ നിധി കണ്ടെത്തിയ ദമ്പതികൾ ആരാണ് എന്നത് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അടുക്കളയിൽ തറയ്ക്ക് താഴെ എന്തോ ഉണ്ട് എന്ന് തോന്നുകയും ഒരു മഴുവെടുത്ത് തറ പൊളിച്ച് നോക്കുമ്പോൾ അവിടെ നിറയെ സ്വർണ നാണയങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ച് നോക്കൂ എന്നും ഗ്രിഗറി പറയുന്നു. ആദ്യം കരുതിയിരുന്നത് ഒരു ഇലക്ട്രിക് കേബിൾ ആണെന്നാണ്. എന്നാൽ, കൂടുതൽ നോക്കിയപ്പോഴാണ് സ്വർണ നാണയങ്ങളാണ് എന്ന് മനസിലാവുന്നത്. കൂടുതൽ പരിശോധിക്കുന്തോറും കൂടുതൽ നാണയങ്ങൾ കണ്ടെത്തുകയായിരുന്നു എന്നും ഗ്രിഗറി പറഞ്ഞു.