ന്യൂഡൽഹി : ഡൽഹിയിലെ ജനങ്ങൾ നിയന്ത്രണമില്ലാതെ ദീപാവലി ആഘോഷിച്ചതോടെ ആകാശം ആകെ ‘വിഷപ്പുക’മയം. രാജ്യതലസ്ഥാനത്തിന്റെ പല ഭാഗത്തും വായു ഗുണനിലവാരം തീരെ മോശം അഥവാ അതീവ ഗുരുതരം എന്ന നിലയിലെത്തി. ദീപാവലി രാത്രിക്ക് ശേഷമുള്ള കണക്കുകൾ പ്രകാരം വായുഗുണനിലവാരം തീരെ മോശം വിഭാഗത്തിലാണ്. ലജ്പത് നഗർ, സാകേത്, രോഹിണി, ദ്വാരക, പഞ്ചാബി ബാഗ്, ബുരാരി തുടങ്ങിയ നഗരത്തിന്റെ പല പ്രദേശങ്ങളിലും ഇന്നലെ രാത്രി വൈകിയും ജനങ്ങൾ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ തന്നെ നഗരത്തിന്റെ പല പ്രദേശങ്ങളിലും വായു തീരെ മോശം അവസ്ഥയിലായിരുന്നു. പുലർച്ചെ ഒരു മണിയോടെ തന്നെ നഗരമാകെ വിഷപ്പുക നിറഞ്ഞുവെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചത്. എന്നാൽ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തന്നെ ജനങ്ങൾ പടക്കങ്ങള്‍ പൊട്ടിച്ചുതുടങ്ങിയതിനാൽ, അന്തരീക്ഷ മലിനീകരണം രൂക്ഷമായിരുന്നു.