അമ്പലവയല്‍: സംഭരണ കേന്ദ്രത്തില്‍ വില്‍പ്പനക്ക് തയ്യാറാക്കി വെച്ച 400 കിലോയോളം വരുന്ന ഉണക്ക കുരുമുളക് മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിൽ. തോമാട്ടുച്ചാല്‍ ആനപ്പാറ തോണിക്കല്ലേല്‍ വീട്ടില്‍ അഭിജിത്ത് രാജ് (18), മഞ്ഞപ്പാറ കാളിലാക്കല്‍ വീട്ടില്‍ നന്ദകുമാര്‍ (22), ബീനാച്ചി പഴപ്പത്തൂര്‍ ആനയംകുണ്ട് വീട്ടില്‍ എ ആര്‍ നവീന്‍രാജ് (20), ബീനാച്ചി അമ്പലക്കുന്ന് വീട്ടില്‍ എം എ അമല്‍ (19) എന്നിവരാണ് പിടിയിലായത്. അമ്പലവയൽ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത് മാര്‍ച്ച് 15 ന് രാത്രിയായിരുന്നു. മഞ്ഞപ്പാറയില്‍ അമ്പലവയല്‍ സ്വദേശി മലഞ്ചരക്കുകള്‍ അടക്കം സൂക്ഷിക്കാനായി വാടകയ്ക്ക് എടുത്ത വീട്ടില്‍ കയറിയാണ് നാല്‍വര്‍ സംഘം മോഷണം നടത്തിയത്. വില്‍പ്പനക്ക് പാകമായ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ഉണക്ക കുരുമുളകാണ് കവര്‍ന്നത്. സി സി ടി വി ദൃശ്യങ്ങളും ഫോണ്‍ കോളുകളും പിന്തുടര്‍ന്ന പൊലീസ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികളിലേക്ക് എത്തുകയായിരുന്നു. ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ കെ പി പ്രവീണ്‍ കുമാറിന്റെയും എസ് ഐ കെ എ ഷാജഹാന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി കെ. രവി, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ ബി പ്രശാന്ത്, ജോജി, വി എസ് സന്തോഷ്, ഹോം ഗാര്‍ഡ് രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.