കൊച്ചി : ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടി നിയമനടപടിക്കൊരുങ്ങുന്നത്. ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള വാക്കുകളും മോശം തമ്പുകളും ഉപയോഗിച്ച ഇരുപതോളം യൂട്യൂബർമാരുടെ പേരുകൾ നടി പോലീസിന് ഉടൻ കൈമാറും. അതേസമയം ബോബി ചെമ്മണ്ണൂരിനെ ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതിയിൽ ഹാജരാക്കുക. ഇതിന്റെ ഭാഗമായി ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ വീണ്ടും വൈദ്യപരിശോധന നടത്തിയിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചായിരുന്നു പരിശോധന. ഇന്നലെ രാത്രിയും വൈദ്യ പരിശോധന നടത്തിയിരുന്നു. കൂസലൊട്ടും ഇല്ലാതെ ചിരിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂർ വൈദ്യ പരിശോധനയ്ക്ക് എത്തിയത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ല എന്നും ആവർത്തിച്ച ബോബി ചെമ്മണ്ണൂർ കുറ്റബോധത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.