മിസിസിപ്പി : അമേരിക്കയിലെ മിസിസിപ്പിയിലെ ജനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ വിമാന റാഞ്ചലും ഭീഷണിയും അവസാനിച്ചു. ടുപെലോ നഗരത്തില്‍ വാള്‍മാര്‍ട്ടിന്‍റെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണിപ്പെടുത്തി പൈലറ്റ് മണിക്കൂറുകളോളമാണ് പരിഭ്രാന്തി പരത്തിയത്. എന്നാൽ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം പൈലറ്റിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. സ്ഥിതിഗതികൾ പരിഹരിച്ചുവെന്നും ആർക്കും പരിക്കില്ലെന്നും ഗവർണർ ടേറ്റ് റീവ്സ് ട്വിറ്ററിൽ അറിയിച്ചു.
അഞ്ച് മണിക്കൂറോളം വിമാനം ടുപെലോ നഗരത്തിന് മുകളിലൂടെ പറന്നു. ആക്രമണ സാധ്യതകണക്കിലെടുത്ത് സ്റ്റോറുകളില്‍ നിന്നും മറ്റും ആളുകളെ ഒഴിപ്പിച്ചിരുന്നു. പൈലറ്റുമായി നേരിട്ട് സംസാരിക്കാനും പൊലീസിന് സാധിച്ചു. എല്ലാം ശരിയാകുന്നതുവരെ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ടുപെലോ വിമാനത്താവളത്തിൽ നിന്ന് ബീച്ച്‌ക്രാഫ്റ്റ് കിംഗ് എയർ 90 എന്ന ചെറുവിമാനമാണ് 29കാരനായ പൈലറ്റ് കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുകളുള്ള ഒമ്പത് സീറ്റുകളുള്ളതാണ് വിമാനം. പൊലീസും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുംസ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. രാവിലെ അഞ്ചുമുതലാണ് വിമാനം നഗരത്തിന് മുകളില്‍ പറത്താന്‍ തുടങ്ങിയത്. ടുപെലോ റീജിയണൽ എയർപോർട്ടിലെ ജീവനക്കാരനാണ് വിമാനത്തിന്റെ പൈലറ്റെന്ന് പ്രാദേശിക പത്രമായ ഡെയ്‌ലി ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഔദ്യോഗികമായി വിമാനം തട്ടിയെടുത്തയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.