ലക്നൗ: യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർതൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ച് ഭർത്താവിന്റെ മാതാപിതാക്കൾ മരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. അൻഷിക കേശർവാനി എന്ന യുവതിയെയാണ് തിങ്കഴാഴ്ച്ച ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അൻഷികയുടെ വിവാഹം നടന്നത്. അൻഷികയുടെ മരണവാർത്തയറിഞ്ഞ് അവളുടെ ബന്ധുക്കൾ ഭർത്താവിൻ്റെ വീട്ടിലേക്കെത്തുകയായിരുന്നു. സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ഭർതൃ വീട്ടുകാരും അൻഷികയുടെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഭർതൃ വീടിന് യുവതിയുടെ ബന്ധുക്കൾ തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്ച രാത്രി 11മണിയോടെ ഒരു യുവതി ആത്മഹത്യ ചെയ്തതായി തങ്ങൾക്ക് ഫോൺ വന്നതായി പ്രയാഗ്‌രാജ് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ദീപക് ഭുക്കർ പറഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനിടെ യുവതിയുടെ ബന്ധുക്കൾ ഭർതൃവീടിന് തീയിട്ടു. പൊലീസ് ഉടൻ തന്നെ അഞ്ച് പേരെ രക്ഷപ്പെടുത്തുകയും അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തുവെന്നും ദീപക് ഭുക്കർ പറഞ്ഞു. പുലർച്ചെ 3 മണിയോടെയാണ് തീ അണയ്ക്കാനായത്. ഈ സമയം വീട്ടിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കളായ രാജേന്ദ്ര കേശർവാനിയും ശോഭാ ദേവിയുമാണ് മരിച്ചവരെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.