ഗുവാഹത്തി: രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രക്ക് പിന്നാലെ അസമിൽ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഉൾപ്പെടെ പാർട്ടിയുടെ രണ്ട് എംഎൽഎമാർ ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ അസമിലെ പ്രതിപക്ഷമായ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായി. പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻ്റും നോർത്ത് കരിംഗഞ്ചിൽ നിന്നുള്ള എംഎൽഎയുമായ കമലാഖ്യദേ പുർകയസ്ത ബുധനാഴ്ച തൻ്റെ സ്ഥാനം രാജിവച്ച് ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിട്ടു. പിന്നാലെ മംഗൽദോയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ബസന്ത ദാസും ബിജെപി സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചു.
നിലവിലെ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് സാക്ഷിയാണെന്നും അതുകൊണ്ടാണ് പിന്തുണ നൽകാൻ ഞാൻ തീരുമാനിച്ചതെന്നും കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ടതിനാൽ പാർട്ടിയിൽ തുടരുമെന്നും പുർകയസ്ത പറഞ്ഞു. എംഎൽഎമാരുടെ തീരുമാനത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ഇത് സംസ്ഥാന സർക്കാരിനെ ശക്തിപ്പെടുത്തുമെന്നും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പറഞ്ഞു. പാർട്ടി സംസ്ഥാന ഘടകം പ്രസിഡൻ്റ് ഭൂപൻ കുമാർ ബോറയ്ക്ക് അയച്ച കത്തിൽ പുർക്കയസ്ത തൻ്റെ സ്ഥാനം രാജിവച്ചതായും എന്നാൽ കോൺഗ്രസിൻ്റെ പ്രാഥമിക അംഗമായി തുടരുന്നതായും അറിയിച്ചു. അടുത്ത ദിവസങ്ങളിൽ, കൂടുതൽ കോൺഗ്രസ് നിയമസഭാംഗങ്ങൾ തൻ്റെ സർക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇത്തരം ആളുകളുടെ ഉള്ളിലിരിപ്പ് പുറത്തുവരുന്നത് കോൺഗ്രസിന് നല്ലതാണെന്ന് മാത്രമേ പറയാൻ കഴിയൂവെന്നും പാർട്ടിയുടെ സംസ്ഥാന ഇൻചാർജ് ജിതേന്ദ്ര സിങ്ങിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എംഎൽഎമാരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും അസം കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ കുമാർ ബോറ പറഞ്ഞു.
2022-ൽ, രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിന് സൗത്ത് കരിംഗഞ്ച് എംഎൽഎ സിദ്ദിഖ് അഹമ്മദിനെ സസ്പെൻഡ് ചെയ്തിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 29 സീറ്റുകൾ മാത്രമേ നേടിയിരുന്നുള്ളൂ. എന്നാൽ മാസങ്ങൾക്കുള്ളിൽ അതിൻ്റെ രണ്ട് നിയമസഭാംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നതോടെ എണ്ണം 27 ആയി കുറഞ്ഞു.