വാഷിങ്ടൺ : എഴുത്തുകാരൻ സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടതിന് പിന്നാലെ എഴുത്തുകാരി ജെ കെ റൗളിംഗിന് വധഭീഷണി. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് റൗളിംഗിനെ ഭീഷണിയുമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് റൗളിങ് ട്വീറ്റ് ചെയ്തു. റുഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രണം തന്നെ പിടിച്ചുലച്ചുവെന്നും അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും റൗളിംഗ് ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വധഭീഷണി.
ട്വീറ്റിനോട് പ്രതികരിക്കവെ, ‘നിങ്ങൾ ഭയക്കേണ്ടെ, അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു ഭീഷണി. ഇയാൾ റുഷ്ദിയെ ആക്രമിച്ച ന്യൂ ജഴ്സിയിൽ നിന്നുള്ള അക്രമി ഹാദി മാറ്റാറെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പടിഞ്ഞാറൻ ന്യൂയോര്‍ക്കിൽ നടന്ന് ഒരു സാഹിത്യ പരിപാടിക്കിടെയാണ് റുഷ്ദിയെ ആക്രമിച്ചത്. ഇദ്ദേഹത്തെം നിരവധി തവണയാണ് ആക്രമി കുത്തിയത്.
സൽമാൻ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന റുഷ്ദിയുടെ കരളിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. മുഖത്തും കഴുത്തിനും വയറിലുമായി പത്തിലേറെ കുത്താണ് ഏറ്റത്. നിലവിൽ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നായിരുന്നു റുഷ്ദിയുടെ വക്താവിന്റെ പ്രതികരണം.