കീവ്: യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന് ആറ് മാസം തികയുകയാണ്. നിസാരം എന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ട റഷ്യക്ക് നഷ്ടക്കണക്കുകൾ ചികഞ്ഞുപോയാൽ അതേറെയാണ്. പൊരുതിക്കൊണ്ടേയിരിക്കുന്ന യുക്രെയ്ൻ റഷ്യക്ക് മുന്നിൽ ഇന്നും മുന്നോട്ടുവയ്ക്കുന്ന പ്രതിസന്ധികളും വലുതാണ്. ഇന്നലെ തലസ്ഥാനമായ കീവിൽ ഒരു പ്രദർശനം നടത്തി യുക്രൈൻ. റഷ്യയ്ക്ക് കണക്കെടുപ്പ് എളുപ്പമാക്കിയ പ്രദർശനം. മൂന്ന് ദിവസം കൊണ്ട് കാൽക്കീഴിലാക്കാമെന്ന് റഷ്യ കരുതിയ അതേ കീവിലാണ്, യുക്രെയ്ൻ തലസ്ഥാനത്തിന്‍റെ പ്രധാന തെരുവിലിന്നിൽ തകർന്നു തരിപ്പണമായ റഷ്യൻ ടാങ്കറുകളുടെ പ്രദർശനം യുക്രൈൻ നടത്തിയത്.
റഷ്യൻ അധിനിവേശം ആറ് മാസം തികയുമ്പോഴും, യുദ്ധക്കെടുതിയിൽ വലഞ്ഞുകൊണ്ടേയിരിക്കുന്ന ജീവിതങ്ങളും യുക്രൈനെ വലയ്ക്കുന്നുണ്ട്. അതിനിടയിലാണ് റഷ്യൻ വീമ്പിന് നേരെ , ഈ ടാങ്കറുകൾ നിരത്തി യുക്രെയ്ൻ കളിയാക്കി ചിരിക്കുന്നത്. ചെറുത്തുനിൽപ്പിന്‍റെ വിജയചിഹ്നങ്ങളായി അവരീ സൈനിക വാഹനങ്ങളെ കാണുന്നു. കുട്ടികളോട് പറയുന്നു, പടമെടുക്കുന്നു. അവരത് ആത്മവിശ്വാസത്തിന്റെ പ്രതീകമായി എടുത്തു കാട്ടുകയാണ്.
നാളെയാണ് യുക്രെയ്ന്‍റെ മുപ്പത്തിയൊന്നാം സ്വാതന്ത്ര്യ ദിനം. ആഘോഷങ്ങളില്ല. കടുപ്പമേറിയ ആക്രമണം റഷ്യ നടത്തിയേക്കാമെന്നാണ് പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്. അപ്പോഴാണ്, യുക്രെയ്ൻ പിടിച്ചെടുത്ത റഷ്യൻ ടാങ്കറുകൾ നിരത്തുന്നത്. സ്വാതന്ത്ര്യവും പരമാധികാരവും കവരാൻ ശ്രമിച്ച ഏകാധിപതികൾക്ക് ചങ്കുറപ്പുള്ളൊരു രാജ്യത്തിന്‍റെ മറുപടിയെന്ന് പേരിട്ടായിരുന്നു യുക്രൈൻ റഷ്യക്ക് മുമ്പിൽ ടാങ്കർ ചീന്തുകൾ അവതരിപ്പിച്ചത്.