കോലാലംപുർ : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ താരം കിഡംബി ശ്രീകാന്ത് ലോക റാങ്കിങ്ങിലും നേട്ടമുണ്ടാക്കി. അന്താരാഷ്ട്ര ബാഡ്മിന്റൺ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട പുരുഷ താരങ്ങളുടെ ഏറ്റവും പുതിയ ലോകറാങ്കിങ് പട്ടികയിൽ ശ്രീകാന്ത് പത്താം സ്ഥാനത്തെത്തി. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ ശ്രീകാന്ത് ആദ്യ പത്തിലെത്തിയത്. 69158 പോയന്റാണ് താരത്തിനുള്ളത്. 116779 പോയന്റുമായി ഡെന്മാർക്കിന്റെ വിക്ടർ അക്സൽസെൻ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ജപ്പാന്റെ കെന്റോ മൊമോട്ട രണ്ടാമതും ഡെന്മാർക്കിന്റെ ആൻഡേഴ്സ് ആന്റൺസെൻ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരമാണ് ശ്രീകാന്ത്.
ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യയുടെ യുവതാരം ലക്ഷ്യ സെൻ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 17-ാം റാങ്കിലെത്തി. മറ്റൊരു ഇന്ത്യൻ താരമായ സായ് പ്രണീതിനെ മറികടന്നാണ് ലക്ഷ്യ മുന്നിൽ കയറിയത്. സായ് പ്രണീത് 18-ാം സ്ഥാനത്താണ്. വനിതകളുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ പി.വി.സിന്ധു ഏഴാം സ്ഥാനത്ത് തുടരുന്നു. ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് ഒന്നാമത്. ജപ്പാന്റെ അകാനെ യമഗുച്ചി രണ്ടാമതും ചൈനയുടെ ചെൻ യു ഫെയ് മൂന്നാം റാങ്കിലും നിൽക്കുന്നു.