ദില്ലി: തായ്‌വാനിലേക്ക് അമേരിക്കന്‍ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനം ഏതാണ്ട് ഉറപ്പായതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി നടത്തിയ ട്വീറ്റുകള്‍ ഈ വിഷയത്തിലെ ചൈനീസ് നിലപാട് ഒന്നുകൂടി വ്യക്തമാക്കുന്നുണ്ട്. ചൈനീസ് എംബസി വക്താവിന്‍റെ ട്വീറ്റില്‍ സ്വാതന്ത്ര തായ്‍വാന്‍ എന്ന രീതിയില്‍ വരുന്ന ഒരു ശക്തിക്കും ചൈന ഇടം നല്‍കില്ലെന്നുള്ള പ്രഖ്യാപനമാണുള്ളത്.
ചൈന – യുഎസ് ബന്ധത്തിന്‍റെ രാഷ്ട്രീയ അടിത്തറ ഏക ചൈന തത്വമാണ്. “സ്വതന്ത്ര തായ്‌വാൻ ”എന്നതിലേക്കുള്ള ഒരു വിഘടനവാദ നീക്കങ്ങളെയും ബാഹ്യശക്തികളുടെ ഇടപെടലിനെയും ചൈന അംഗീകരിക്കില്ല. മാത്രമല്ല “തായ്‌വാൻ സ്വാതന്ത്ര്യ” ശക്തികൾക്ക് ഏത് രൂപത്തിലും ഇടം നൽകില്ലെന്നും ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാന്‍ ട്വിറ്ററില്‍ കുറിച്ചു.
സ്പീക്കർ പെലോസിയുടെ തായ്‌വാൻ സന്ദർശനം ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിന് സമമാണ്. തായ്‌വാൻ കടലിടുക്കിൽ ഉടനീളമുള്ള സമാധാനത്തിനും സ്ഥിരതയ്ക്കും ഈ സന്ദര്‍ശനം വലിയ ഭീഷണിയാകും. ചൈന – യുഎസ് ബന്ധങ്ങളെ ദുർബലപ്പെടുത്തുകയും വളരെ ഗുരുതരമായ സാഹചര്യത്തിലേക്കും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്കും ഇത് നയിക്കുകയും ചെയ്യും.
പൊതു അഭിപ്രായത്തെ ധിക്കരിക്കാന്‍ ആര്‍ക്കും സാധ്യമല്ല. തീയുമായി കളിക്കുന്നവർ അതിൽ എരിഞ്ഞുതീരും. സന്ദർശനം നടത്താൻ യുഎസ് തയ്യാറാകുകയാണെങ്കില്‍ ചൈനയ്ക്ക് ദൃഢമായ പ്രതിരോധ നടപടികളിലേക്ക് കടക്കേണ്ടി വരും. അതിന്റെ അനന്തരഫലങ്ങളെല്ലാം അമേരിക്ക സഹിക്കേണ്ടി വരും. ചൈനീസ് എംബസി വക്താവ് വാങ് സിയോജിയാന്‍റെ ട്വീറ്റ് പറയുന്നു.