ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ ഒരു വീട് തകർത്തു. എമിലി ജ്ഞാനമുത്തുവിൻ്റെ വീടാണ് അരി കൊമ്പൻ അക്രമിച്ചത്. മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയും കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. പുണ്യാവേലിന്‍റെ കടക്കുനേരെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഒരാഴ്ച്ചക്കിടെ രണ്ടുതവണയാണ് പുണ്യവേലിന്‍റെ കട ആക്രമിച്ചത്.
ഇതിനിടെ ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാനുള്ള വിശദമായ റിപ്പോർട്ട് വനംവകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയ മൂന്നാർ ഡിഎഫ്ഒ ക്ക് കൈമാറി. റിപ്പോട്ട് ഇന്ന് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ വഴി ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കും. അരിക്കൊമ്പനെ പിടിച്ചു മാറ്റാനും ,ചക്കക്കൊന്പൻ, മൊട്ടവാലൻ എന്നീ കാട്ടാനകളെ ജിഎസ്എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനും ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ പത്താം തീയതി വിളിച്ച യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഈ മൂന്ന് ആനകളുടെ ശല്യം ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചാലുടൻ വയനാട്ടിൽ നിന്നും മൂന്ന് കുങ്കിയാനകളുൾപ്പെടുന്ന സംഘം ചിന്നക്കനാൽ ഭാഗത്തെത്തി തുടർ നടപടികൾ തുടങ്ങും