മിലാൻ : ബലാത്സംഗ കേസിൽ മാഞ്ചെസ്റ്റർ സിറ്റിയുടെയും എസി മിലാന്റെയും മുൻ ബ്രസീലിയൻ താരം റോബീഞ്ഞ്യോയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറ്റലി. ബലാത്സംഗക്കേസിൽ റോബീഞ്ഞ്യോ കുറ്റക്കാരനാണെന്ന് ഇറ്റാലിയൻ പരമോന്നത കോടതിയുടെ വിധി വന്നതോടെയാണ് താരത്തിനെതിരേ ഇറ്റലി രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബുധനാഴ്ച ഇറ്റാലിയൻ നീതിന്യായ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. 2017-ൽ ഒരു ഡിസ്കോതെക്കിൽ വെച്ച് യുവതിയെ റോബീഞ്ഞ്യോയും മറ്റ് അഞ്ച് ബ്രസീലുകാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്. 2020-ൽ കോടതി ഇവരുടെ അപ്പീൽ തള്ളുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ ഇറ്റാലിയൻ പരമോന്നത കോടതി ശരിവെച്ചത്. അതേസമയം ബ്രസീൽ തങ്ങളുടെ പൗരനെ കൈമാറാത്ത സാഹചര്യത്തിൽ ഇറ്റലിയിലെ നീതിന്യായ മന്ത്രാലയം ആഗോള ഏജൻസിയായ ഇന്റർപോളിനോട് വാറണ്ട് നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.