കോഴിക്കോട്: അച്ചടക്കനടപടിയുടെ ഭാഗമായി പാർട്ടി പുറത്താക്കിയവർ കോടതി ഉത്തരവ് ലംഘിക്കുന്നെന്ന് കാണിച്ച് ഐ.എൻ.എൽ അഖിലേന്ത്യ നേതൃത്വം കോഴിക്കോട് മൂന്നാം അഡീഷനൽ സബ് കോടതിയിൽ ഹരജി നൽകി. ഉത്തരവ് ലംഘനത്തിന് സിവിൽ നടപടി ചട്ടപ്രകാരം ശിക്ഷാനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സംസ്ഥാന ട്രഷറർ ബി. ഹംസ ഹാജിയാണ് ഹരജി നൽകിയത്. ഹരജി ജൂൺ 12ന് പരിഗണിക്കും. സ്റ്റേ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എതിർവിഭാഗം നൽകിയ ഹരജി മേയ് 22നും പരിഗണിക്കും. 2022 ഒക്ടോബർ 12ന് കോഴിക്കോട് മൂന്നാം അഡീഷനൽ സബ് കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ മുൻ പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ് അടക്കമുള്ളവർ പാർട്ടിയുടെ പേരോ പതാകയോ ഉപയോഗിക്കുകയോ യോഗം ചേരുകയോ മെംബർഷിപ് നൽകുകയോ ഫണ്ട് പിരിക്കുകയോ ചെയ്യരുതെന്ന് നിർദേശമുണ്ടായിരുന്നു.
എന്നാൽ, ഇന്ത്യൻ നാഷനൽ ലീഗ് എന്ന ബാനറിൽ പരിപാടികൾ നടത്തുകയും റാലി നടത്തുകയാണെന്ന് പ്രചരിപ്പിച്ച് പണപ്പിരിവ് തുടരുകയാണെന്നും പരാതിയിൽ ആരോപിച്ചു. മുൻ പ്രസിഡൻറ് എ.പി. വഹാബ്, നാസർകോയ തങ്ങൾ, എൻ.കെ. അസീസ്, ഒ.പി.ഐ. കോയ, ശർമദ് ഖാൻ, ബടേരി ബഷീർ, സി.എച്ച്. മുസ്തഫ, ഒ.എം.എ. ജബ്ബാർ ഹാജി തുടങ്ങിയവർക്കെതിരെയാണ് ഹരജി. നിലവിലെ കേസിൽ പ്രതികളോ കക്ഷിചേർന്നവരോ ആണിവർ. അഡ്വ. മുനീർ അഹമ്മദ്, അഡ്വ. മുദ്ദസിർ അഹമ്മദ് എന്നിവർ മുഖേനയാണ് ദേശീയ കമ്മിറ്റി ഹരജി നൽകിയത്. സബ് കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ പ്രതികൾ കോഴിക്കോട് ബീച്ചിൽ നടത്തുന്ന പരിപാടിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ, ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, പൊലീസ് മേധാവി, പോർട്ട് ഓഫിസർ എന്നിവർക്ക് നോട്ടീസ് നൽകിയിരുന്നു.