ബിഹാർ : അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ബിഹാറിൽ ശക്തമായി തുടരുന്നു. അഗ്നിവീർമാർ ആയി നിയമിക്കപ്പെടുന്നവർക്ക് വിവിധ സൈനിക വിഭാഗങ്ങൾ സംവരണം പ്രഖ്യാപിച്ചെങ്കിലും അയവില്ലാതെ തുടരുകയാണ് പ്രതിഷേധം. ബിഹാറിലെ ബക്സറിൽ പ്രതിഷേധക്കാർ പോലീസ് വാഹനം കത്തിച്ചു. പോലീസുകാർക്ക് നേരെ കല്ലേറുണ്ടായി. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ബീഹാറിൽ രണ്ട് സൈനിക പരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്കെതിരെ കേസെടുത്തു. മുസോഡിയിലെ റെയിൽവേ സ്റ്റേഷൻ കത്തിക്കലുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് വഴിയും വാട്സാപ്പ് വഴിയും പ്രചരിപ്പിച്ച വീഡിയോകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നാണ് ഇവർക്കെതിരായ കേസ്. കേസുമായി ബന്ധപ്പെട്ട് ബീഹാറിൽ ഇതുവരെ അറസ്റ്റിലായത് 718 പേരാണ്.
ഇതിനിടെ പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത് പ്രശാന്ത് കിഷോർ രംഗത്തെത്തി. ദില്ലി കേന്ദ്രീകരിച്ച് സമരം ശക്തമാക്കാൻ ആർജെഡി നീക്കം തുടങ്ങി. അഗ്നിപഥ് പദ്ധതി പിൻവലിക്കും വരെ ബീഹാറിൽ പ്രക്ഷോഭം തുടരുമെന്ന് ആർജെഡി ദേശീയ വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. പ്രക്ഷോഭം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയെന്ന് ആരോപിക്കുന്ന ബിജെപി തൊഴിൽ ഇല്ലാത്ത യുവാക്കളെ അപമാനിക്കുകയാണ്. സമാധാനപരമായ സമരത്തിലേക്ക് ഉദ്യോഗാർത്ഥികൾ മാറണമെന്നാണ് ആദ്യർത്ഥനയെന്നും മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
അഗ്നിപഥ് പ്രതിഷേധത്തെ തുടർന്ന് യാത്രാ ട്രെയിനുകൾ റദ്ദാക്കിയതോടെ ബീഹാർ അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ യാത്ര ക്ലേശം രൂക്ഷമായിട്ടുണ്ട്. ഇതുവരെ 350 ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാറിൽ ഇന്ന് രാത്രി എട്ടു മണി വരെ ട്രെയിൻ സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. ദില്ലിയടക്കമുള്ള സ്ഥലങ്ങളിലേക്ക് പോകാനാകാതെ രണ്ട് ദിവസമായി റെയിൽവേ സ്‌റ്റേഷനുകളിൽ കഴിയുന്നവർ ഏറെയാണ്.
അഗ്നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനിൽക്കേ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ, വ്യാമസേനാ മേധാവി ചീഫ് മാർഷൽ ബി.ആർ.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‍നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‍നാഥ് സിംഗിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്‍നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.