മുംബൈ : അഗ്നിപഥിൽ പ്രതിഷേധം ശക്തമായതോടെ പ്രായപരിധി ഉയർത്താനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ആദ്യ ബാച്ചിന്റെ പ്രായപരിധി 26 ആക്കി ഉയർത്താനാണ് തീരുമാനം. അസം റൈഫിൾസിലെ 10 ശതമാനം നിയമനം അഗ്നിപഥ് പദ്ധതിയനുസരിച്ചായിരിക്കും നടത്തുക. ഈ വർഷം അപേക്ഷിക്കുന്നവർക്ക് അഞ്ച് വർഷം വരെ പ്രായപരിധിയിൽ ഇളവുമുണ്ട്. അർധ സൈനിക, കേന്ദ്ര സായുധ പോലീസ് സേനകളിലും സംവരണവുമുണ്ടാകും. നാല് വർഷം പൂർത്തിയാക്കിയ അഗ്നിവീരന്‍മാർക്ക് സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേതന്നെ തീരുമാനിച്ചിരുന്നു. ‘അഗ്നിപഥ് യോജന’ പ്രകാരം പരിശീലനം നേടിയ യുവാക്കൾക്ക് രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നൽകാൻ കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റുകളിലൂടെ അറിയിച്ചു.
വിവിധ ക്യാമ്പസുകളിൽ റിക്രൂട്ട്‌മെന്റ് റാലികളും പ്രത്യേക റാലികളും നടത്തിയാകും യുവാക്കളെ സൈനിക സേവനത്തിനായി അഗ്നിപഥ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. വ്യോമ, നാവിക, കര സേനകളിലേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ തന്നെയാകും എൻറോൾമെന്റ് നടത്തുക. വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ പൊലുള്ള അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളിൽ പ്രത്യേക റാലികളും ക്യാമ്പസ് അഭിമുഖങ്ങളും അധികം വൈകാതെ തന്നെ സംഘടിപ്പിക്കപ്പെടുമെന്നാണ് ലഭ്യമാകുന്ന വിവരം. സൈനിക സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇവരെ 48 മാസത്തിനുശേഷം പിരിച്ചുവിടും. ഏതാനും മാസത്തെ ഇടവേളക്കുശേഷം അവരിൽ നാലിലൊന്നുപേരെ പെൻഷൻ, ആരോഗ്യ പരിരക്ഷ, സബ്സിഡി, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം സഹിതം സ്ഥിരം സർവീസിലേക്കെടുക്കും. ബാക്കി വരുന്ന പിരിച്ചുവിടപ്പെട്ട 75 ശതമാനം പേർക്ക് മറ്റു ജോലികൾക്കാവശ്യമായ വൈവിധ്യമാർന്ന പരിശീലനങ്ങൾക്കുപുറമെ പത്തുലക്ഷത്തോളം രൂപയുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം ലഭിക്കും. അർധസൈനിക വിഭാഗങ്ങളിലും സംസ്ഥാന പൊലീസ് സേനയിലുമുൾപ്പെടെ മറ്റ് സർക്കാർ ജോലികളിൽ ചേരുന്നതിനും അവർക്ക് മുൻഗണനയും നൽകും.
അതേസമയം സൈനിക റിക്രൂട്ട്മെന്റിനായി അഗ്നിപഥ് പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. വിവിധ സംസ്ഥാനങ്ങളിൽ ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടുമാണ് പ്രതിഷേധിക്കുന്നത്. ഉത്തർ പ്രദേശിലും രാജസ്ഥാനിലും യുവാക്കൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്.