ആലത്തൂർ: വരൾച്ച കൃഷിയെ ബാധിക്കാതിരിക്കാൻ മിത്ര ബാക്റ്റീരിയൽ ലായനി പ്രയോഗം കാവശ്ശേരിയിൽ പരീക്ഷിക്കുന്നു. കാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ വരൾച്ച ബാധിക്കാൻ സാധ്യതയുള്ള കൃഷിയിടത്തിലാണ് ബാക്റ്റീയൽ ലായനി പ്രയോഗം പരീക്ഷിക്കുന്നത്. പിങ്ക് പിഗ്മെന്റഡ് ഫാക്കൽറ്റേറ്റിവ് മീതൈലോട്രോഫാണ് (പി.പി.എഫ്.എം) തളിക്കുന്നത്. തമിഴ്നാട് കാർഷിക സർവകലാശാല മൈക്രോബയോളജി വിഭാഗം വികസിപ്പിച്ചെടുത്ത ജീവാണു ലായനിയാണിത്.
ചെടികളുടെ ഇലകളിൽ ധാരാളം കാണുന്ന മെത്തത്തിലോ ബാക്റ്റീരിയം എന്ന ബാക്റ്റീരിയയെ വേർതിരിച്ചെടുത്താണ് ഇത് വികസിപ്പിച്ചെടുത്തത്. കാകമ്പാറ പാടശേഖരത്തിലെ രാഘവൻ എന്ന കർഷകന്റെ നാലേക്കർ നെൽകൃഷിയിടത്തിലാണ് മിത്ര ലായിനി പ്രയോഗം നടത്തുന്നത്. ഏക്കറിന് 200 മില്ലി പി.പി.എഫ്.എം 200 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് നെല്ലിൽ തളിക്കാമെന്ന് കൃഷി വകുപ്പ് പറയുന്നു.
വൃക്ഷ വിളകൾക്ക് പൂവിടുന്നതിന് മുമ്പും മറ്റു വിളകൾക്ക് (നെല്ല്, പച്ചക്കറി) വളർച്ചയുടെ നിർണായക ഘട്ടത്തിലുമാണ് പി.പി.എഫ്.എം തളിക്കേണ്ടത്. ലായനി തളിച്ചാൽ 15 മുതൽ 20 ദിവസംവരെ പച്ചപ്പ് നിലനിർത്താൻ സാധിക്കുമെന്നും പറയുന്നു. ലായനിയിൽ കീടനാശിനിയോ കുമിൾനാശിനിയോ ചേർക്കരുത്. കാവശ്ശേരി അഗ്രോ സർവിസ് സെന്ററിന്റെ സഹകരണത്തോടെ കൃഷിഭവന് കീഴിൽ വരുന്ന 30 ഏക്കർ വരൾച്ച സാധ്യത പ്രദേശത്താണ് ലായനി തളിക്കൽ നടപ്പാക്കുന്നതെന്ന് കാവശ്ശേരി കൃഷി ഓഫിസർ വരുൺ വിജയൻ അറിയിച്ചു.